Law Academy land issue-mar ivanios and mg college also trapped

തിരുവനന്തപുരം: വി എസ് ആവശ്യപ്പെട്ട ഭൂമി പിടിച്ചെടുക്കല്‍ നടത്താന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ വെട്ടിലാകുക സ്വകാര്യ മാനേജ്‌മെന്റുകള്‍.

കൃഷി വകുപ്പിന് കീഴിലായിരുന്ന സ്ഥലം ലോ അക്കാദമി ട്രസ്റ്റിന് 1968ലാണ് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിരുന്നത്. അന്ന് എം എന്‍ ഗോവിന്ദന്‍ നായരായിരുന്നു കൃഷിമന്ത്രി.

ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയും, മുഖ്യമന്ത്രി രക്ഷാധികാരിയും, റവന്യു വിദ്യാഭ്യാസ മന്ത്രിമാരും, ഹൈക്കോടതി ജഡ്ജിമാരും അംഗങ്ങളായുള്ള അക്കാദമി ഭരണ സമിതിക്കാണ് 12 ഏക്കര്‍ ഭൂമി 3 വര്‍ഷത്തേക്ക് മാത്രം പാട്ടത്തിന് നല്‍കിയിരുന്നത്.

1971ല്‍ കോണ്‍ഗ്രസ്സ് പിന്തുണയോടെ ഭരിച്ച സി പി ഐ നേതാവായ സി.അച്ചുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത് പാട്ടക്കാലാവധി 30 വര്‍ഷത്തേക്ക് പുതുക്കി നല്‍കുകയുണ്ടായി. പിന്നീട് കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1985ല്‍ പാട്ടക്കാലാവധി തീരും മുന്‍പ് തന്നെ മുഴുവന്‍ ഭൂമിയും ട്രസ്റ്റിന് പതിച്ച് നല്‍കുകയായിരുന്നു.

ഇതിന് സമാനമായ രൂപത്തില്‍ സര്‍ക്കാര്‍ ഭൂമി ലഭിച്ച രണ്ട് സ്ഥാപനങ്ങള്‍ തലസ്ഥാനത്ത് തന്നെയുണ്ട്. കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള മാര്‍ ഇവാനിയേഴ്‌സ് കോളേജും, എന്‍ എസ് എസ് നിയന്ത്രണത്തിലുള്ള എം ജി കോളേജും. ഇതില്‍ എം ജി കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ അനവധി വര്‍ഷങ്ങളായി എബിവിപിയുടെ കുത്തകയാണ്. എസ് എഫ് ഐക്കടക്കം ഇവിടെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യമില്ലന്നതാണ് രസകരം.

സര്‍ക്കാറിന്റെ ഒരു നിയന്ത്രണവുമില്ലാതെ തോന്നിയ രൂപത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ലോ അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി തിരിച്ച് പിടിക്കണമെന്നതാണ് വി എസ് ആവശ്യപ്പെടുന്നത്. പ്രധാനമായും ഒരു കുടുംബത്തിന്റെ കീഴില്‍ ലോ അക്കാദമി ഭരണം മാറിയതും വിദ്യാര്‍ത്ഥി ദ്രോഹ നടപടി സ്വീകരിക്കുന്നതുമാണ് വി എസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ തങ്ങള്‍ക്ക് നിയമപ്രകാരം പതിച്ച് നല്‍കിയ ഭൂമി ഏറ്റെടുക്കാനുള്ള എത് നീക്കത്തേയും നിയമപരമായി നേരിടുമെന്നുള്ള നിലപാടിലാണ് ലോ അക്കാദമി മാനേജ്‌മെന്റ്. ഇക്കാര്യത്തില്‍ സമാനമായ രൂപത്തില്‍ സര്‍ക്കാര്‍ ഭൂമി പതിച്ച് കിട്ടിയ മാനേജ്‌മെന്റുകളുടെ കാര്യം ഉയര്‍ത്തിക്കൊണ്ടുവരുവാനും അണിയറയില്‍ നീക്കമുണ്ട്.

Top