Law Academy-Vigilance probe comes, and check the possibility of officials

തിരുവനന്തപുരം: ലോ അക്കാദമിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിഷയങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് സാധ്യത തെളിയുന്നു.

രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമ്പോഴും വിജിലന്‍സിലെ ഇന്റലിജന്‍സ് വിഭാഗം ഇപ്പോള്‍ തന്നെ പുറത്ത് വന്ന വിവരങ്ങള്‍ സംബന്ധിച്ച് പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് സൂചന.

വിദ്യാഭ്യാസ ആവശ്യത്തിനായി നല്‍കിയ സര്‍ക്കാര്‍ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നതും സെല്‍ഫ് ഫിനാന്‍സിംങ് കോളേജായ ലോ അക്കാദമിക്ക് എങ്ങനെ പെര്‍മിനന്റ് അഫിലിയേഷന്‍ കിട്ടി എന്നത് സംബന്ധിച്ചും വിജിലന്‍സ് പരിശോധന നടത്തുന്നുണ്ട്.

അഫിലിയേഷന്‍ സംബന്ധമായ രേഖകള്‍ കേരള സര്‍വ്വകലാശാലയില്‍ കാണാനില്ലന്ന് വ്യക്തമായ സ്ഥിതിക്ക് വിജിലന്‍സ് അന്വേഷണത്തില്‍ പല ഉദ്യോഗസ്ഥരും കുരുങ്ങാനാണ് സാധ്യത. മാത്രമല്ല ഇന്റേണല്‍ മാര്‍ക്ക് സംബന്ധമായും മറ്റും സിന്‍ഡിക്കേറ്റ് ഉപമിതി തന്നെ ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനാല്‍ ഈ റിപ്പോര്‍ട്ടും വിജിലന്‍സ് വിളിച്ചു വരുത്തിയേക്കും.

ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയും, മുഖ്യമന്ത്രി രക്ഷാധികാരിയും, റവന്യൂവിദ്യാഭ്യാസ മന്ത്രിമാരും, ഹൈക്കോടതി ജഡ്ജിമാരും ഉള്‍പ്പെട്ട ഭരണ സമിതിക്കാണ് 12 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വിട്ടുനല്‍കിയത് എന്നതിനാല്‍ ഇപ്പോള്‍ ഇതിന്റെ ഭരണ സമിതിയുടെ അവസ്ഥ എന്താണെന്നതും ഗൗരവമായി തന്നെ പരിശോധിക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ്.

1974ല്‍ കേരള സര്‍വ്വകലാശാല ആക്ടും 1977ല്‍ സര്‍വ്വകലാശാല സ്റ്റാറ്റൂട്ടും നിലവില്‍ വരുന്നതിന് മുന്‍പ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെല്ലാം സ്ഥിരം അഫിലിയേഷന്‍ ലഭിച്ചപ്പോള്‍ ഒരേയൊരു സെല്‍ഫ് ഫിനാന്‍സിങ്ങ് സ്ഥാപനമായ ലോ അക്കാദമിക്കും ആ പരിഗണനയില്‍ അഫിലിയേഷന്‍ ലഭിച്ചുവെന്നാണ് വാദം. ഇതു സംബന്ധമായ രേഖകള്‍ ലഭിക്കാത്തതിനാല്‍ അവ്യക്തത ഇപ്പോഴും തുടരുകയാണ്.

സര്‍ക്കാറിന്റെ ഭൂമി വാങ്ങി വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത് കച്ചവട സ്വഭാവത്തോടെയും സ്വജന പക്ഷപാത
പക്ഷപാതത്തോടുകൂടിയും ആയാല്‍ വിജിലന്‍സിന് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കാമെന്നാണ് നിയമ വിദഗ്ദ്ദര്‍ ചൂണ്ടി കാണിക്കുന്നത്.

ഇന്റേണല്‍ മാര്‍ക്കില്‍ ഭാവി മരുമകള്‍ക്ക് ക്രമം വിട്ട് മാര്‍ക്ക് കൂട്ടി നല്‍കിയത് സ്വജനപക്ഷപാതത്തിന്റെ പ്രത്യക്ഷ തെളിവായി ഇപ്പോള്‍ തന്നെ പുറത്ത് വന്നിട്ടുണ്ട്. ഇതടക്കം ഇപ്പോള്‍ ഉയര്‍ന്ന് വന്ന വിവാദങ്ങളില്‍ വിജിലന്‍സ് പിടിമുറുക്കിയാല്‍ ലോ അക്കാദമി അധികൃതരും ലക്ഷ്മി നായരും പ്രതിരോധത്തിലാകും. പ്രത്യേകിച്ച് ദളിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ലക്ഷ്മി നായര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാതലത്തില്‍.

വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തിന്‍മേല്‍ ഇനിയും ലോ അക്കാദമി അധികൃതര്‍ മുഖം തിരിച്ചാല്‍ മിന്നല്‍ വേഗത്തില്‍ തന്നെ വിജിലന്‍സ് ലോ അക്കാദമിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ലോ അക്കാദമി അധികൃതര്‍ക്കെതിരെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടറേയും കോടതിയേയും സമീപിക്കാനും അണിയറയില്‍ തകൃതിയായി നീക്കം നടക്കുന്നുണ്ട്.

Top