എറണാക്കുളം: മന്ത്രിസഭാ യോഗത്തില്‍ സി.പി.എം, സി.പി.ഐ മന്ത്രിമാര്‍ തമ്മില്‍ വാക്കുതര്‍ക്കം.സി.പി.ഐ നടത്തിയ മാര്‍ച്ചിനു നേരെ പൊലിസ് ലാത്തിവീശിയ സംഭവത്തെക്കുറിച്ച് സംസാരിക്കവെയാണ് തര്‍ക്കമുണ്ടായത്.
എല്‍ദോ എബ്രഹാം എം.എല്‍.എയെ മര്‍ദിച്ച പൊലിസ് നടപടിയില്‍ സി.പി.ഐ മന്ത്രിമാര്‍ ശക്തമായി പ്രതിഷേധിച്ചു. എം.എല്‍.എയെ മര്‍ദിച്ചത് ഒരുതരത്തിലും നീതികരിക്കാനാവില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ യോഗത്തില്‍ പറഞ്ഞു. തല്ലിയത് സി.ആര്‍.പി.എഫോ സായുധസേനയോ അല്ല. ലോക്കല്‍ പൊലിസിന് എം.എല്‍.എയെ കണ്ടാല്‍ തിരിച്ചറിയില്ലെന്ന് പറയാനാവുമോ എന്നും അദ്ദേഹം ചോദിച്ചു. നിയമവാഴ്ച തകര്‍ന്നതിന്റെ ഉദാഹരണമാണിത്. സംഭവത്തില്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും ചന്ദ്രശേഖരന്‍ പറഞ്ഞു.
അതിനിടയില്‍ സംഭവത്തെ എ.കെ ബാലന്‍ ന്യായീകരിക്കാന്‍ കൂടി ശ്രമിച്ചതോടെ വാക്ക്തര്‍ക്കം രൂക്ഷമായി. ഭരണത്തിലുള്ളവര്‍ സമരത്തിനിറങ്ങിയാല്‍ ഇങ്ങനെയൊക്കെ വരുമെന്നായിരുന്നു എ.കെ ബാലന്റെ പരാമര്‍ശം. പിന്നെയും സി.പി.ഐക്കെതിരേ വിമര്‍ശനം തുടര്‍ന്നപ്പോള്‍ വി.എസ് സുനില്‍കുമാറും പി. തിലോത്തമനും ബാലനെതിരേ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. സമരങ്ങള്‍ നടത്താന്‍ ഇനിയും മടിയില്ലെന്നും സമരങ്ങളിലൂടെയാണ് ഇതുവരെ എത്തിയതെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഈ സമയം മുഖ്യമന്ത്രി ഇടപെട്ടാണ് തര്‍ക്കം അവസാനിപ്പിച്ചത്. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നമുറയ്ക്ക് ഉചിതമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സി.പി.ഐ മന്ത്രിമാര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.