തിരുവനന്തപുരം: ലോ അക്കാദമിയില്‍ ആദ്യം സമരം തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളെ നോക്കുകുത്തികളാക്കി എസ്എഫ്‌ഐയെ മാത്രം ചര്‍ച്ചക്ക് വിളിച്ച് പ്രിന്‍സിപ്പലിനെ മാറ്റുന്നതായി പത്രക്കുറിപ്പിറക്കിയ ലോ അക്കാദമി മാനേജ്‌മെന്റ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
സി പി ഐ വിദ്യാര്‍ത്ഥി വിഭാഗമായ എഐഎസ്എഫ് ,കെഎസ്‌യു, എംഎസ്എഫ്.എബിവിപി വിദ്യാര്‍ത്ഥി സംഘടനകളും ബി ജെ പിയുമാണ് മാനേജ്‌മെന്റിനെയും എസ്എഫ്‌ഐ-സിപിഎം നേതൃത്വങ്ങളെയും പ്രതികൂട്ടില്‍ നിര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്.
അഞ്ച് വര്‍ഷം ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ പദവിയില്‍ നിന്ന് മാറി നിന്നിട്ട് കാര്യമില്ലന്നും എന്നന്നേക്കുമായി അവര്‍ രാജിവച്ച് പോകുകയാണ് വേണ്ടതെന്നുമാണ് ഇവരുടെ ആവശ്യം.
ലക്ഷ്മി നായര്‍ രാജിവയ്ക്കും വരെ സമരം തുടരുമെന്ന് എസ്എഫ്‌ഐ ഒഴികെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ചതിനാല്‍ വരും ദിവസങ്ങള്‍ ലോ അക്കാദമി സംഘര്‍ഷഭരിതമാവാനാണ് സാധ്യത. ബുധനാഴ്ച മുതല്‍ ക്ലാസ് തുടങ്ങുവാനും സമരത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടാനുമാണ് മാനേജ്‌മെന്റിന്റെ നീക്കം.
തിങ്കളാഴ്ച നടന്ന വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗത്തിന് ശേഷവും രാജിക്കാര്യത്തില്‍ തീരുമാനമാകാതെയിരുന്ന പശ്ചാതലത്തിലാണ് ചൊവ്വാഴ്ച എസ്എഫ്‌ഐയെ മാത്രം വിളിച്ച് മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയത്. സി പി എം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് മുന്‍പ് സമരം ഒത്ത് തീര്‍പ്പായില്ലങ്കില്‍ കടുത്ത നടപടിയുണ്ടാകാമെന്നാണ് മുഖ്യമന്ത്രി നല്‍കിയിരുന്ന മുന്നറിയിപ്പ്.
സമരം ഒത്ത് തീര്‍ക്കണമെന്നും ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹം ഏഴാം ദിവസം പിന്നിട്ടതോടെ ജനശ്രദ്ധ ആകര്‍ഷിച്ച പശ്ചാതലത്തില്‍ സമരം തീരുന്നതിന്റെ നേട്ടം ബിജെപിക്ക് ഒരിക്കലും ലഭിക്കരുതെന്ന് സി പി എം നേതൃത്വത്തിനും വലിയ നിര്‍ബന്ധമുണ്ടായിരുന്നു.
ഇക്കാര്യം പാര്‍ട്ടി നേതൃത്വം സി പി എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരുടെ സഹോദരന്‍ കോലിയക്കോട് കൃഷ്ണന്‍ നായരുടെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് എസ്എഫ്‌ഐയെ മാത്രം ചൊവ്വാഴ്ചയിലെ ചര്‍ച്ചക്ക് വിളിക്കാന്‍ ധാരണയുണ്ടാക്കിയത്.
ഇതു സംബന്ധമായി എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന് ഇന്നലെ രാത്രി തന്നെ സി പി എം നേതൃത്യം നിര്‍ദ്ദേശവും നല്‍കിയിരുന്നു. എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം യോഗം ചേര്‍ന്ന് പാര്‍ട്ടി തീരുമാനം നടപ്പാക്കാന്‍ തീരുമാനിക്കുകയും അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്മി നായരെ കോളേജിന്റെ പരിസരത്ത് പോലും അടുപ്പിക്കില്ലന്ന് ലോ അക്കാദമിയിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയെ അറിയിക്കുകയുമായിരുന്നു.
ലോ അക്കാദമിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതയുണ്ടായെങ്കിലും ഒടുവില്‍ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കപ്പെടുകയായിരുന്നു. ഇങ്ങനെ ഒരു ഒത്ത് തീര്‍പ്പ് ഫോര്‍മുല മാനേജ്‌മെന്റുമായി ഉണ്ടാക്കിയതിന് ശേഷം മാത്രമാണ് അവസാനഘട്ട ചര്‍ച്ചക്കായി എസ്എഫ്‌ഐ നേതൃത്വം പോയിരുന്നത്.
ഒരു സ്ഥാപനത്തിനെതിരെ വിവിധ സംഘടനകള്‍ സമരം ചെയ്യുമ്പോള്‍ ഒരു സംഘടനയെ മാത്രം ചര്‍ച്ചക്ക് വിളിച്ച് സമരം അവസാനിപ്പിച്ചതിലൂടെ മാനേജ്‌മെന്റും സി പി എം നേതൃത്വവും തമ്മിലുള്ള കള്ളക്കളി വ്യക്തമായിരിക്കുകയാണെന്നാണ് സമരരംഗത്തുള്ള സംഘടനകള്‍ ആരോപിക്കുന്നത്.
സമരത്തിനാധാരമായ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായുള്ള വിഎസിന്റെ പ്രസ്താവന ഇവര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്.കൂടുതല്‍ ശക്തമായി സമരം തുടരാനും നിയമപോരാട്ടം ശക്തിപ്പെടുത്താനുമാണ് സമരരംഗത്തുള്ളവരുടെ തീരുമാനം.