Law Commission to examine implementation of uniform civil code

ന്യൂഡല്‍ഹി: രാഷ്ട്രീയവും സാമൂഹകിവുമായ വലിയ സംവാദങ്ങള്‍ക്ക് വഴിതുറന്ന് രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. ഇക്കാര്യം പരിശോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ലോ കമ്മിഷന് നിര്‍ദേശം നല്‍കി. ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ ഏകസിവില്‍കോഡ് നടപ്പാക്കുന്നകാര്യത്തില്‍ ആലോചന നടത്താന്‍ ലോ കമ്മിഷനോട് ആവശ്യപ്പെടുന്നത്. രാജ്യത്തെ നിയമപരിഷ്‌കരാങ്ങള്‍ക്കുള്ള ഉപദേശം നല്‍കുന്ന നിര്‍ണായക സമിതിയാണ് ലോ കമ്മിഷന്‍.

രാജ്യത്തെ വ്യക്തിനിയമങ്ങള്‍ ഏകീകരിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് ഏകസിവില്‍കോഡ്. നിലവില്‍ രാജ്യത്ത് ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും പ്രത്യേക വ്യക്തിനിയമങ്ങളാണ് ഉള്ളത്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പൈതൃകാവകാശം തുടങ്ങിയവയാണ് വ്യക്തി നിയമത്തിന്റെ പരിധിയില്‍ വരിക. ഇത് ഏകീകരിക്കണമെന്ന വാദമാണ് പതിറ്റാണ്ടുകളായി ആര്‍എസ്എസും ഹിന്ദു സംഘടനകളും ഉന്നയിക്കുന്നത്. ബിജെപിയും ഈ വാദം ശക്തമായി ഉന്നയിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മോഡി സര്‍ക്കാര്‍ ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനോട് കോണ്‍ഗ്രസ് നേരത്തെ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

ഏകസിവില്‍ കോഡ് നടപ്പാക്കണമെന്ന വാദം ആദ്യം ഉയരുന്നത് 1840ലായിരുന്നു. പിന്നീട് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലും ഹിന്ദു സംഘടനകള്‍ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. സ്വാതന്ത്രത്തിന് ശേഷവും ഹിന്ദു സംഘടനകള്‍ ശക്തമായ വാദം മുന്നോട്ടുവെച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയമായ ഒരു സമവായത്തിലെത്താന്‍ കേന്ദ്രസര്‍ക്കാരിന് സധിച്ചിരുന്നില്ല വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഈ നീക്കവുമായി സര്‍ക്കാര്‍ രംഗത്തുവന്നിരുന്നില്ല. നിലവിലെ ലോക്‌സഭയില്‍ ബിജെപിക്ക് തനിച്ച് മൃഗീയ ഭൂരിപക്ഷമുണ്ടെന്നതിനാണ് ഇത്തവണ മോഡി സര്‍ക്കാര്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്.

Top