വിദേശത്ത് വിദ്യാഭ്യാസം നേടിയ ജഡ്ജിമാരും അഭിഭാഷകരും ഭാരതീയരായി ചിന്തിക്കണമെന്ന് നിയമമന്ത്രി

മുംബൈ: ഹാർവാർഡ്, ഓക്‌സ്‌ഫോർഡ് തുടങ്ങിയ വിദേശ സർവകലാശാലകളിൽനിന്ന് വിദ്യാഭ്യാസം നേടിയ അഭിഭാഷകരും ന്യായാധിപന്മാരും ഭാരതീയമായി തന്നെ ചിന്തിക്കണമെന്ന് നിയമമന്ത്രി കിരൺ റിജിജു. വിദേശ വിദ്യാഭ്യാസം നേടിയവർ ഇംഗ്ലീഷിൽ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. അവർ ചിന്തകളിൽ ഉറച്ചുനിൽക്കുന്നതോടൊപ്പം “ഇന്ത്യൻ” ആയിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് സംസാരിക്കുന്ന അഭിഭാഷകർക്ക് വിദേശ ചിന്ത ഉണ്ടാകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ സർവകലാശാലകളിൽ നിന്ന് നല്ല അഭിഭാഷകനും ജഡ്ജിയുമാകാം. എന്നാൽ ഒരാളുടെ ചിന്തകൾ ഭാരതീയമായി നിലനിർത്തുകയും അതുവഴി വിനയാന്വിതനാകുകയും വേണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹാർവാർഡ് സർവകലാശാലയിൽ നിന്നാണ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്.

പ്രാദേശിക ഭാഷകളിൽ സംസാരിക്കുന്നവരെ അപേക്ഷിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന അഭിഭാഷകർ കൂടുതൽ ഫീസ് വാങ്ങുന്നതിലും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന അഭിഭാഷകനേക്കാൾ കഴിവ് കൂടുതൽ ഇന്ത്യൻ ഭാഷകളിൽ സംസാരിക്കുന്ന അഭിഭാഷകർക്കുണ്ടാകുമെന്ന വസ്തുത അവഗണിക്കുന്നത് അനുചിതമാണെന്നും റിജിജു പറഞ്ഞു. സുപ്രീംകോടതിയിൽ ചില അഭിഭാഷകർ നിയമപരിജ്ഞാനം പരിഗണിക്കാതെ ഇംഗ്ലീഷ് സംസാരിക്കുന്നതു കൊണ്ടു മാത്രം കൂടുതൽ പ്രതിഫലം വാങ്ങുന്നു. നല്ല ഇംഗ്ലീഷിൽ സംസാരിക്കുന്നതുകൊണ്ട് കൂടുതൽ പ്രതിഫലം ലഭിക്കുന്നത് ശരിയല്ല. മറാത്തി, ഹിന്ദി ഭാഷകളിൽ നല്ല പ്രാവീണ്യമുള്ള അഭിഭാഷകരുണ്ട്. എന്നാൽ ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിയാത്തതിനാൽ അവരുടെ ഫീസ് കുറവായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

നമ്മുടെ കോടതികൾ ഇന്ത്യൻ ഭാഷകളേക്കാൾ ഇംഗ്ലീഷിന് മുൻഗണന നൽകിയതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. കോടതി നടപടികൾക്ക് പ്രാദേശിക ഭാഷകൾ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം സുപ്രീം കോടതിയോട് നിർദ്ദേശിച്ചു. മഹാരാഷ്ട്രയിലെ 384 ബാർ അസോസിയേഷനുകൾക്ക് ഇ-ഫയലിംഗ് യൂണിറ്റുകളും ഫെസിലിറ്റി സെന്ററുകളും വിതരണം ചെയ്യുന്നതിനായി ബാർ കൗൺസിൽ ഓഫ് മഹാരാഷ്ട്ര & ഗോവ മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Top