മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണം, ആരെയും തെറ്റായി ഉപദ്രവിക്കരുത്: അരവിന്ദ് കെജ്രിവാള്‍

aravind--kejariwal

ഡല്‍ഹി: മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്ന് ആം ആദ് മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍.എന്നാല്‍ അതിന്റെ പേരില്‍ ആരെയും തെറ്റായി ഉപദ്രവിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മതം ഒരു സ്വകാര്യ കാര്യമാണെന്നും കെജ്രിവാള്‍ പ്രസ്താവിച്ചു. ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടപ്രകാരം ആരാധന നടത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവന്നിട്ടുണ്ട്.ജലന്ധറില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കെജ്രിവാള്‍.

അസം പോലുള്ള മറ്റ് പല സംസ്ഥാനങ്ങളും സമാനമായ നിയമങ്ങള്‍ ആലോചിക്കുന്നുണ്ട്. എഎപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഡോര്‍സ്റ്റെപ്പ് ഡെലിവറി സേവനവും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്നും കെജ്രിവാള്‍ വാഗ്ദാനം ചെയ്തു. കൂടാതെ പുതിയ നികുതികള്‍ നടപ്പാക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബില്‍ പ്രചാരണത്തിരക്കിലാണ് കെജ്രിവാള്‍.

Top