ചിന്മയാനന്ദിനെതിരെ പീഡനപരാതി നല്‍കിയ യുവതിയ്ക്ക് ജാമ്യം

ഉത്തര്‍പ്രദേശ്: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് ഉള്‍പ്പെട്ട ബലാത്സംഗക്കേസില്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന്റെ പേരില്‍ അറസ്റ്റിലായ പെണ്‍കുട്ടിക്ക് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ചിന്മയാനന്ദിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചു എന്ന പരാതിയിന്‍മേലാണ് ഇരയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്.

പണാപഹരണം, ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, അക്രമ മനോഭാവത്തോടയുള്ള ക്രിമിനല്‍ പ്രവര്‍ത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പെണ്‍കുട്ടിയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ചിന്മയാനന്ദയുടെ അഭിഭാഷകന്‍ ഓംസിംഗ് നല്‍കിയ പരാതിയിലാണ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തത്.

നിയമസംവിധാനത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അവസാന ശ്വാസം വരെ നീതി ലഭിക്കാന്‍ പോരാടുമെന്നും ജാമ്യം കിട്ടിയ ശേഷം പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.ചിന്മയാനന്ദ് നശിപ്പിച്ച അവളുടെ ഭാവി വീണ്ടെടുക്കാന്‍ ശ്രമിക്കുമെന്ന് പെണ്‍കുട്ടിയുടെ പിതാവ് വ്യക്തമാക്കി. നിയമസംവിധാനത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. നീതിയ്ക്കായി അവസാനം വരെ പോരാടും. പരീക്ഷ എഴുതുന്നതിനായി അനുവാദം ലഭിക്കാന്‍ ഹൈക്കോര്‍ട്ട് മോണിട്ടറിംഗ് ബെഞ്ചിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബര്‍ 20 മുതല്‍ ചിന്മയാനന്ദ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പദവി ദുരുപയോഗം ചെയ്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നാണ് കേസ്.

Top