ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരേ ലൈംഗികപീഡനത്തിനു പരാതി നല്‍കിയ നിയമവിദ്യാര്‍ഥിനി അറസ്റ്റില്‍. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റിലായത്.
അതേസമയം ചിന്മയാനന്ദിന്‍റെ പരാതിയിൽ ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് വിശദീകരണം. ഇന്നലെ ലക്നൗവിലെ കോടതി പെണ്‍കുട്ടിയുടെ മുൻകൂർ ജാമ്യാപേക്ഷ സ്വീകരിച്ചിരുന്നു. നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രത്യേക സംഘം പെണ്‍കുട്ടിയെ കസ്റ്റഡിയിൽ എടുത്തത്.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചിന്മയാനന്ദ് നല്‍കിയ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഷാജഹാന്‍പുരിലെ കോടതിയിലേക്കു പോകുന്നതിനിടെയാണ് വഴിയില്‍ തടഞ്ഞ് വിദ്യാര്‍ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മാധ്യമങ്ങളെ കണ്ടതോടെ പോലീസ് പെണ്‍കുട്ടിയെ വിട്ടയക്കുകയും ചെയ്തു.
സഞ്ജയ് സിംഗ്, സച്ചിൻ സെംഗാർ, വിക്രം എന്ന് പേരായ മൂന്ന് യുവാക്കളാണ് ചിന്മയാനന്ദ് സമർപ്പിച്ച പിടിച്ചുപറി കേസിൽ അറസ്റ്റിലായത്. ഈ കേസിൽ നാലാം പ്രതിയാണ് പരാതിക്കാരി.