കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളായ പള്‍സര്‍ സുനിയേയും വിജീഷിനേയും കോടതി മുറിയില്‍ നിന്നും അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ ഒരു വിഭാഗം അഭിഭാഷകര്‍ക്ക് പ്രതിഷേധം. ഇക്കാര്യം കോടതിയുടെ മുന്നില്‍ അഭിഭാഷകര്‍ അറിയിച്ചു. കോടതിക്കകത്ത് കയറിയാല്‍ പൊലീസിന് പിന്നെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലന്നാണ് ഒരു വിഭാഗം അഭിഭാഷകരുടെ വാദം.
ജഡ്ജി ചേംബറില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം നടപടികളൊന്നും സംഭവിക്കുമായിരുന്നില്ലയെന്നാണ് അവര്‍ ചൂണ്ടികാണിക്കുന്നത്.
പ്രതികളെ കോടതി മുറിയില്‍ നിന്ന് പിടികൂടാന്‍ വന്ന പൊലീസിനെ ചില അഭിഭാഷകര്‍ തടഞ്ഞിരുന്നെങ്കിലും അവരെയെല്ലാം തള്ളിമാറ്റിയാണ് സുനിയേയും വിജീഷിനേയും പൊലീസ് വലിച്ചിഴച്ച് കൊണ്ടു പോയത്.
രണ്ട് ദിവസമായി സുനി കീഴടങ്ങിയേക്കും എന്ന സൂചന ശക്തമായതിനാല്‍ പോലീസും തയ്യാറായി കാത്തിരിക്കുകയായിരുന്നു.
സുനി കീഴടങ്ങാന്‍ സാധ്യതയുള്ള എല്ലാ കോടതികളിലും പോലീസിനെ മഫ്തിയില്‍ നിയോഗിച്ചിരുന്നു. എറണാകുളം സിജെഎം കോടതിയുടെ മതില്‍ച്ചാടി കടന്ന് കോടതി മുറിക്കുള്ളില്‍ കടന്നപ്പോള്‍ മഫ്തിയിലുണ്ടായിരുന്ന പോലീസുകാര്‍ സുനിയെ തിരിച്ചറിയുകയായിരുന്നു.
ഈ സമയം പ്രതികളെ നിര്‍ത്തുന്ന കോടതിമുറിക്കുളളിലെ കൂട്ടിലേക്ക് ഇവര്‍ ഓടിക്കയറി. മിന്നല്‍ വേഗത്തിലായിരുന്നു പോലീസിന്റെ പിന്നീടുള്ള നീക്കങ്ങള്‍. നിമിഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പോലീസ് പാഞ്ഞെത്തി. സുനിയും വിജീഷും കോടതിമുറിയിലേക്ക് കടന്നയുടന്‍ അഭിഭാഷകന്‍ വാതിലടച്ചു. പോലീസ് ബലംപ്രയോഗിച്ച് വാതില്‍തുറക്കാന്‍ ശ്രമിച്ചത് അഭിഭാഷകര്‍ ചെറുക്കുകയായിരുന്നു.
കോടതിമുറിയില്‍ അതും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നയാളെ അറസ്റ്റ് ചെയ്യാനാകില്ല എന്ന നിലപാടിലായിരുന്നു അഭിഭാഷകര്‍. തടസ്സം നിന്ന അഭിഭാഷകരെ തള്ളിമാറ്റി വാതില്‍ ബലംപ്രയോഗിച്ച് തുറന്ന് പോലീസ് അകത്ത് കടന്നപ്പോള്‍ രണ്ട് പ്രതികളും പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്നു.
പൊലീസ് പ്രതിക്കൂട്ടില്‍ നിന്ന് ബലംപ്രയോഗിച്ച് വലിച്ചിഴച്ചാണ് രണ്ട് പേരെയും പുറത്തേക്കുകൊണ്ടുവന്നത്. ഇതിനിടെ വിജീഷ് പുറത്ത് കടക്കാനുള്ള ശ്രമവും നടത്തി. പക്ഷേ പൊലീസ് കീഴടക്കി. രണ്ട് പേരെയും വാഹനത്തിലേക്ക് മാറ്റിയപ്പോള്‍ സിനിമയിലെ സസ്‌പെന്‍സ് രംഗങ്ങള്‍ക്ക് സമാനമായ ദൃശ്യങ്ങളാണ് കോടതി അങ്കണത്തില്‍ അരങ്ങേറിയത്.
പൊലീസ് വാഹനം കോടതി പരിസരം വിട്ടതോടെ ഒരു വിഭാഗം അഭിഭാഷകര്‍ പ്രതിഷേധം അറിയിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു.
ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാന്‍ കോടതി ഉത്തരവിട്ടു. കോടതി വളപ്പില്‍നിന്നും പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുത്ത പള്‍സര്‍ സുനിയേയും വിജീഷിനേയും നെടുമ്പാശേരി സിഐയ്ക്കു കൈമാറണമെന്ന് എറണാകുളം എസിജെഎം കോടതിയാണ് ഉത്തരവിട്ടത്.
നെടുമ്പാശേരി സിഐയാണ് നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കാനും ഉത്തരവില്‍ നിർദ്ദേശിച്ചിട്ടുണ്ട്.
കോടതി മുറിയില്‍ നിന്നും പിടിച്ചുകൊണ്ടു പോയി എന്ന് അഭിഭാഷകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന്റെ ഇടപെടല്‍.