പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച അഭിഭാഷകന്‍ കെ പി സതീശന്‍ സ്ഥാനമൊഴിഞ്ഞു. ഹൈക്കോടതിയില്‍ ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ ബെഞ്ച് മുന്‍പാകെയാണ് താന്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിയുന്നതായി കെ പി സതീശന്‍ അറിയിച്ചത്. ഹൈക്കോടതിയിലെ അപ്പീല്‍ നടത്തിപ്പിനാണ് സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ ഇതിനെതിരെ മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കെ പി സതീശന്‍ സ്വമേധയാ സ്ഥാനമൊഴിഞ്ഞത്.
സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരായി അഭിഭാഷകന്‍ പി.വി.ജീവേഷ്, മണ്ണാര്‍ക്കാട് കോടതിയില്‍ മധുവിന്റെ കേസ് വാദിച്ചു പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത അഡ്വ.രാജേഷ്.എം മേനോന്‍, അഡ്വ.സി.കെ.രാധാകൃഷ്ണന്‍ എന്നിവരെ നിയമിക്കണമെന്നായിരുന്നു മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. പക്ഷേ ജീവേഷിനെ അഡിഷണല്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായാണ് നിയമിച്ചത്.