ന്യൂഡല്‍ഹി: പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസില്‍ ശിക്ഷ നാളെ തീരുമാനക്കാന്‍ സാധ്യത. കേസ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗ് രംഗത്ത്. സുപ്രീംകോടതിയിലെ 32 ജഡ്ജിമാര്‍ ഉള്‍പ്പെട്ട ഫുള്‍ ബഞ്ച് കേസ് പുനഃപരിശോധിക്കണമെന്നും ഇന്ദിര ജയ്‌സിംഗ് ആവശ്യപ്പെട്ടു.
ശിക്ഷയിന്മേല്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതി വാദം കേള്‍ക്കും. കോടതി അലക്ഷ്യത്തിന് പരമാവധി ആറുമാസത്തെ ശിക്ഷയാണ് നല്‍കാനാവുക. പരമാവധി ശിക്ഷ നല്‍കാനാണ് തീരുമാനമെങ്കില്‍ പ്രശാന്ത് ഭൂഷണ് ആറുമാസം ജയിലില്‍ പോകേണ്ടിവരും.
കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാനുള്ള അവകാശമുണ്ടെന്നും ശിക്ഷയിന്മേലുള്ള വാദം കേള്‍ക്കല്‍ മാറ്റിവെക്കണമെന്നും പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനായി പ്രശാന്ത് ഭൂഷണ്‍ നല്‍കിയ അപേക്ഷ നാളെ ആദ്യം കോടതി പരിശോധിച്ചേക്കും.
കോടതി നടപടിക്കെതിരെ മുന്‍ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേക്കെതിരെ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമെന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തല്‍.