അഭിഭാഷക-പൊലീസ് തർക്കം: സിഐ അടക്കം 4 പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും

കൊല്ലം: കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മർദ്ദിച്ചുവെന്നാരോപിച്ച് ബാർ കൗൺസിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. നിയമ മന്ത്രി പി.രാജീവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ബാർ കൗൺസിലിന്റെ തീരുമാനം. കരുനാഗപ്പള്ളി സിഐ ഗോപകുമാർ അടക്കം നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാമെന്ന് സർക്കാ‍ർ ഉറപ്പ് നൽകിയെന്ന് അഭിഭാഷകർ അവകാശപ്പെട്ടു. കൊല്ലം ബാറിലെ അഭിഭാഷകനായ ജയകുമാറിനെ സെപ്റ്റംബർ അഞ്ചിന് കരുനാഗപ്പള്ളി പൊലീസ് മർദ്ദിച്ചുവെന്നും വിലങ്ങ് വച്ചുവെന്നും ആരോപിച്ചാണ് ബാർ കൗൺസിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരാഴ്ചയിലധികമായി കോടതി നടപടികൾ ബഹിഷ്‍കരിച്ച് കൊല്ലം ബാ‍ർ അസോസിയേഷൻ സമരത്തിലായിരുന്നു. സംഭവത്തിൽ ബാർ കൗൺസിൽ ചെയർമാൻ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം എറണാകുളത്തും ചർച്ച നടന്നിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടന്നത്.

Top