കൊച്ചി: വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതി കിരണ്‍ കുമാര്‍. സംഭവത്തിനെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്ര്യൂണലിനെ സമീപിക്കുമെന്ന് കിരണ്‍ കുമാറിന്റെ അഭിഭാഷകന്‍ അറിയിച്ചു. പിരിച്ചു വിട്ട നടപടി സര്‍വീസ് ചട്ടങ്ങളുടെ ലംഘനം ആണ്. കേസില്‍ അന്വേഷണം പോലും പൂര്‍ത്തിയായിട്ടില്ല. കിരണിന്റെ വിശദീകരണം അധികൃതര്‍ തേടിയിട്ടില്ലെന്നും കിരണിന്റെ അഭിഭാഷകന്‍ പറയുന്നു.
കിരണിനെ പിരിച്ചു വിട്ട നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. പുകവലിയ്ക്കുന്നത് വരെ 93 c നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് നിയമരംഗത്തുള്ളവര്‍ പറയുന്നത്. ഗതാഗതമന്ത്രി ആന്റണി രാജുവാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുവെന്ന തീരുമാനം പ്രഖ്യാപിച്ചത്.
കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍. വിസ്മയയുടെ മരണത്തെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായി. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്‌തെന്ന് തെളിഞ്ഞതിനെത്തുടര്‍ന്നാണ് പിരിച്ചുവിടലെന്നാണ് മന്ത്രി അറിയിച്ചത്.
ഭാര്യയുടെ മരണത്തെത്തുടര്‍ന്ന് ഭര്‍ത്താവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്. 1960ലെ കേരള സിവിള്‍ സര്‍വീസ് റൂള്‍ പ്രകാരമാണ് കിരണിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ തുടര്‍ജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷനും അര്‍ഹതയുണ്ടാവില്ല.