പ്രബുദ്ധ കേരളം എന്ന വാക്ക് പോലും ഇനി പറയാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത് . പത്തനംതിട്ടയിലെ നരബലിയിലൂടെ നരഭോജികളാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്. നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ മലയാളിയെ മാത്രമല്ല ഇന്ത്യയിലെ ജനങ്ങളെയാകെ തന്നെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഈ സംഭവം വാര്‍ത്തയായി കഴിഞ്ഞു. ആരും ഒരുപക്ഷേ അറിയാതെ പോകുമായിരുന്ന ഈ ക്രൂരത കണ്ടു പിടിച്ചതും യാഥാര്‍ത്ഥ്യങ്ങള്‍ ഓരോന്നായി പുറത്ത് കൊണ്ടു വന്നതും കൊച്ചി സിറ്റി പൊലീസാണ്. കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഈ ടീമിനെയും ഈ അവസരത്തില്‍ നാം അഭിനന്ദിക്കേണ്ടതുണ്ട്. അത്രയ്ക്കും കാര്യക്ഷമമായാണ് പൊലീസ് ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇതുപോലൊരു കേസ് കേരള പൊലീസിന്റെ എന്നല്ല ഇന്ത്യന്‍ പൊലീസിന്റെ ചരിത്രത്തിലും ഉണ്ടായിട്ടുണ്ടാകില്ല. മനുഷ്യനെ കൊന്ന് കറിവച്ചു കഴിക്കുക എന്നു പറഞ്ഞാല്‍ അത് കേട്ടാല്‍ തന്നെ നമ്മുടെ കണ്ണുകളില്‍ ഇരുട്ടു കയറും. അത്രയ്ക്കും ഭീകരമായ സംഭവമാണിത്. രണ്ടു പാവം സ്ത്രീകളെ കൊന്നവരെയും കൊല്ലിച്ചവരെയും വധശിക്ഷക്കു വിധിക്കാന്‍ ഒരു കാലതാമസവും ഉണ്ടാകാന്‍ പാടില്ല. ഈ കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റി വിചാരണ അതിവേഗം നടത്താന്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയും സര്‍ക്കാറും മുന്‍കൈ എടുക്കണം. സാധാരണ കൊലക്കേസ് പ്രതികള്‍ക്കു കിട്ടുന്ന ഒരു ആനുകൂല്യത്തിനും ഈ പ്രതികള്‍ അര്‍ഹരല്ല. ഭൂമിയില്‍ ഇവര്‍ ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ഏറെ അപകടകരമാണ്.
സെപ്തംബര്‍ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ കൊച്ചി സിറ്റി പൊലീസ് നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിക്കുന്ന കണ്ടെത്തലുകളില്‍ എത്തിച്ചിരിക്കുന്നത്. രണ്ട് സ്ത്രീകളെയാണ് ഭഗവല്‍ സിംഗും ഭാര്യയും കൊച്ചി പെരുമ്പാവൂര്‍ സ്വദേശിയുടെ സഹായത്തോടെ നരബലി കഴിച്ചിരിക്കുന്നത്. കാണാതായവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയ പൊലീസുദ്യോഗസ്ഥര്‍ക്ക് ബോധക്ഷയം ഉണ്ടാകുന്ന വിവരങ്ങളാണ് പിന്നീട് ലഭിച്ചത്. തിരുവല്ലയിലെ ഭഗവല്‍ സിങ് – ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയാണ് ഈ നരബലി നടത്തിയതെന്ന് വ്യക്തമായതോടെ സൂത്രധാരനായ പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് അടക്കം മൂന്ന് പേരെയാണ് പൊലീസ് മിന്നല്‍ വേഗത്തില്‍ പിടികൂടിയിരുന്നത്. നരബലിക്ക് ശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചുവെന്ന പ്രതികളുടെ വെളിപ്പെടുത്തല്‍ കേസിന്റെ ഗൗരവം എത്രമാത്രം വലുതാണെന്നത് അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു. സിദ്ധനായെത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് അറസ്റ്റിലായ ലൈലയാണ് ആദ്യം പൊലീസിനോട് വെളിപ്പെടുത്തിയത്. ചോദ്യം ചെയ്യലില്‍ ആണ് ലൈല ഇക്കാര്യം മൊഴിഞ്ഞിരുന്നത്.ആഭിചാര ക്രിയകള്‍ സംബന്ധിച്ച ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി ആവശ്യപ്പെട്ട കാര്യവും അവര്‍ പറഞ്ഞിട്ടുണ്ട്. ഈ പുസ്തങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ മുഹമ്മദ് ഷാഫി കൈക്കലാക്കുകയുണ്ടായി. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ പണയം വെച്ചതായും തെളിഞ്ഞിട്ടുണ്ട്.ഇതും കേസിലെ പ്രധാന തെളിവാണ്.
പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം കൂടുതല്‍ കര്‍ക്കശമായ ചോദ്യം ചെയ്യലിലേക്ക് പൊലീസ് കടക്കും. മുഹമ്മദ് ഷാഫി കൊടും ക്രിമിനലാണെന്ന് ഇതിനകം തന്നെ പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ വേറെയും നരബലികള്‍ നടത്തിയിട്ടുണ്ടോ എന്നതാണ് പ്രധാനമായും പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കാണാതായ സ്ത്രീകളുടെ വിവരങ്ങളും മുഹമ്മദ് ഷാഫിയുടെയും അടുപ്പക്കാരുടെയും മൊബൈല്‍ കാള്‍ വിശദാംശങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. പത്ത് ദിവസത്തെ പ്രതികളുടെ കസ്റ്റഡി പൊലീസിനും ഏറെ നിര്‍ണ്ണായകമാണ്.
എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെയാണ് തിരുവല്ലയില്‍ ബലിനല്‍കിയിരിക്കുന്നത്. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും ശരീരം വെട്ടി നുറുക്കി കറിവച്ച് കഴിച്ച ശേഷം ശേഷിച്ച മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയിരുന്നത്. നരബലിയുടെ ഏജന്റായി പ്രവര്‍ത്തിച്ചതും ഇയാള്‍ തന്നെയാണ്. മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസും വ്യക്തമാക്കുന്നത്.
തീര്‍ച്ചയായും ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ക്രൂര കൃത്യമാണ് പത്തനംതിട്ടയില്‍ നടന്നിരിക്കുന്നത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വാങ്ങി കൊടുക്കാന്‍ പ്രോസിക്യൂക്ഷനും തയ്യാറാകണം. ഏതൊരു പ്രതിക്കും നിയമം അനുവദിക്കുന്ന അഭിഭാഷക സഹായത്തിനു പോലും ഈ നരഭോജികള്‍ അര്‍ഹരല്ല. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ അഭിഭാഷക സംഘടനകളും തയ്യാറാകണം.
അതുപോലെ തന്നെ എന്തിലും ഏതിലും രാഷ്ട്രീയ – മത താല്‍പ്പര്യങ്ങള്‍ കാണുന്നതും നല്ലതല്ല. നരബലി സംഭവത്തില്‍ പ്രതികളുടെ ജാതി – മത- രാഷ്ട്രിയ പശ്ചാത്തലങ്ങള്‍ പരിശോധിച്ച് ഏതെങ്കിലും മതത്തെയോ രാഷ്ട്രീയ പാര്‍ട്ടികളേയോ കുറ്റപ്പെടുത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുകയില്ല. അതും മറ്റൊരു തരത്തില്‍ നികൃഷ്ടമായ പ്രവര്‍ത്തി തന്നെയാണ്. മനുഷ്യരുടെ മനസ്സ് അറിയാനുള്ള യന്ത്രം കണ്ടു പിടിക്കാത്തിടത്തോളം കാലം ഇത്തരക്കാര്‍ പലയിടത്തും മറഞ്ഞിരിക്കും. യഥാര്‍ത്ഥ സ്വഭാവം പുറത്താകുമ്പോള്‍ മാത്രമാണ് ഇവരെയൊക്കെ കൈകാര്യം ചെയ്യാന്‍ സാധിക്കുകയൊള്ളൂ. അതു കൊണ്ട് തന്നെയാണ് നിയമ നടപടിയില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യാതെ സര്‍ക്കാരും പൊലീസും ഇപ്പോള്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകള്‍ ഈ യാഥാര്‍ത്ഥ്യവും തിരിച്ചറിയണം
EXPRESS KERALA VIEW