നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതിന് അന്ന് മന്ത്രിസ്ഥാനം പോയി, ഇപ്പോള്‍ ഉപമുഖ്യമന്ത്രി

ബംഗളൂരു: ബിജെപി നേതാവ് ലക്ഷ്മണ്‍ സാവദി കര്‍ണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ടതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട നേതാവാണ് ലക്ഷ്മണ്‍ സാവദി.

2012ല്‍ യെദ്യൂരപ്പാ മന്ത്രിസഭയില്‍ അംഗമായിരിക്കേയാണ് ലക്ഷ്മണും മറ്റ് രണ്ട് മന്ത്രിമാരും സഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതും വിവാദമായതും. തുടര്‍ന്ന് മൂവരും രാജിവെച്ചിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ മഹേഷ് കുമട്ടല്ലിയോട് ലക്ഷ്മണ്‍ പരാജയപ്പെട്ടിരുന്നു.

ലക്ഷ്മണ്‍ സാവദിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതിനെതിരെ ബിജെപി എംഎല്‍എ എംപി രേണുകാചാര്യ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ തോറ്റ ലക്ഷ്മണിനെ അടിയന്തിരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് രേണുകാചാര്യ തുറന്നടിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിനെ താഴെയിറക്കുന്നതില്‍ ചരടുവലിച്ച പ്രധാനികളിലൊരാളാണ് ലക്ഷ്മണ്‍ സാവദി.

Top