മൊഴിയെടുക്കാന്‍ പോലും തയ്യാറായില്ല; വീണ്ടും വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

പാലക്കാട്: എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കൈക്കൊണ്ട നടപടിക്കെതിരെ വനിതാ കമ്മീഷനെ വിമര്‍ശിച്ച് വീണ്ടും രമ്യ ഹരിദാസ് രംഗത്ത്.

തനിയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മൊഴിയെടുക്കാന്‍ പോലും വനിതാ കമ്മീഷന്‍ തയ്യാറായില്ലെന്നാണ് രമ്യ ഹരിദാസ് വീണ്ടും ആരോപിക്കുന്നത്. ഏതൊരു പെണ്‍കുട്ടിയും പ്രതീക്ഷിക്കുന്ന നീതി തനിയ്ക്ക് കിട്ടുമെന്ന് വിചാരിച്ചെന്നും എന്നാല്‍ അതുണ്ടായില്ലെന്നും രമ്യ പറഞ്ഞു.

വനിതാ കമ്മീഷന്‍ രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കണമെന്നും തനിയ്‌ക്കെതിരെ ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ സ്വമേധയാ നടപടി എടുക്കേണ്ടതായിരുന്നുവെന്നും എന്നിട്ടും അത് ചെയ്തില്ലെന്നും ഈ സാഹചര്യത്തില്‍ കോടതിയില്‍ നല്‍കിയ കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും രമ്യ വ്യക്തമാക്കി.

അതേസമയം, ഇതുവരെ പരാതി നല്‍കാത്ത രമ്യ ഹരിദാസ് വനിത കമ്മീഷനെതിരെ നടത്തിയ പരാമര്‍ശത്തിലൂടെ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്ന് എം സി ജോസഫൈന്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. രമ്യയ്‌ക്കെതിരെ വിജയരാഘവന്റെ പരാമര്‍ശം ഉയര്‍ന്നതിന് പിന്നാലെ തന്നെ വനിത കമ്മീഷന്‍ കേസെടുത്തെന്നും എ വിജയരാഘവനെ പ്രതി ചേര്‍ത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നുമായിരുന്നു വനിത കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത്.

Top