കണ്ണൂര്‍: അച്ഛനെ ആക്രമിക്കാന്‍ വന്ന സംഘത്തിന്റെ വെട്ടേറ്റ് രണ്ടാം ക്ലാസുകാരന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ കാക്കയങ്ങാട് സംഭവം.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുഴക്കുന്ന് പഞ്ചായത്തിലെ 14ാം വാര്‍ഡില്‍നിന്ന് മത്സരിച്ച ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ മകന്‍ കാര്‍ത്തിക്കിനാണ് വെട്ടേറ്റത്.
പാലയിലെ രമ്യരാഹുല്‍ ദമ്പതിമാരുടെ മകനാണ്. കൈയ്ക്ക് വെട്ടേറ്റ കാര്‍ത്തിക്കിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പാലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്.
കാര്‍ത്തിക്കിന്റെ അമ്മ രമ്യ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാറക്കണ്ടം വാര്‍ഡില്‍ ബി.ജെ.പി.ക്കുവേണ്ടി മത്സരിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് രമ്യയുടെ ഭര്‍ത്താവ് രാഹുലിനെ ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി പറയുന്നു.
രാത്രി 7.30ഓടെ വീട്ടിലെത്തിയ മൂന്നുപേര്‍ രാഹുലിനെ അന്വേഷിച്ചു. രാഹുലിനെ കാണാത്തതിനാല്‍ കുട്ടിയെ ആക്രമിക്കുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. സി.പി.എമ്മുകാരാണ് അക്രമം നടത്തിയതെന്നും വീട്ടുകാര്‍ ആരോപിച്ചു. ജില്ലയില്‍ സി.പി.എം. അക്രമത്തില്‍ കുട്ടികള്‍ക്കും രക്ഷയില്ലാതായെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു.
ബി.ജെ.പി. പ്രവര്‍ത്തകനായ അച്ഛനെ അക്രമിക്കാനെത്തിയവര്‍ അച്ഛനെ കിട്ടാതായതോടെ മകനെ ആക്രമിക്കുകയായിരുന്നു. സി.പി.എം. അക്രമം അവസാനിപ്പിക്കുകയില്ലെന്നതിന് തെളിവാണ് ഇത്തരം സംഭവങ്ങളെന്നും സത്യപ്രകാശ് ആരോപിച്ചുഎന്നാല്‍ സംഭവത്തിനുപിന്നില്‍ രാഷ്ട്ടീയമില്ലെന്നും, കുടുംബവഴക്കാണെന്നും സിപിഎം ഇരിട്ടി ഏരിയാസെക്രട്ടറി ബിനോയ് കുര്യന്‍ പറഞ്ഞു.