തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയിലേക്ക് ചര്‍ച്ചയായി വീണ്ടും ശബരിമല യുവതീപ്രവേശം. വിഷയം ചര്‍ച്ചയാക്കേണ്ടതില്ലെന്ന നിലപാടിലുറച്ച് ഇടതുപക്ഷം പരമാവധി പരിശ്രമിച്ചിട്ടും പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും തന്ത്രങ്ങള്‍ ശബരിമലയെ വീണ്ടും തെരഞ്ഞെടുപ്പ് കളത്തിലെത്തിച്ചിരിക്കുകയാണ്. ശബരിമല മന:പൂര്‍വ്വം ചര്‍ച്ചയാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം.
ഹിന്ദുധര്‍മ്മത്തില്‍ പ്രാവീണ്യമുള്ളവരാണ് യുവതീപ്രവേശത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് എന്ന് സത്യവാങ്മൂലത്തില്‍ ഉണ്ട് എന്ന കാര്യം എല്ലാവരും ഓര്‍മ്മിക്കണം. സ്ത്രീ പുരുഷ സമത്വത്തില്‍ മറ്റ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കട്ടെ. ആചാരങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും അന്തിമതീരുമാനം എടുക്കേണ്ടത് സര്‍ക്കാരല്ല. ഹിന്ദുധര്‍മ്മത്തില്‍ പ്രാവീണ്യമുള്ള ആളുകളെ വച്ച് അതിന്റെ ഒരു ഉപദേശക സമിതിയുടെ അഭിപ്രായം ആരാഞ്ഞ് വിധി പ്രഖ്യാപിക്കണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
കഴിഞ്ഞുപോയ കാര്യങ്ങളില്‍ തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടതില്ലെന്നാണ് ബേബി അഭിപ്രായപ്പെട്ടത്. ഇത്തവണ സമാധാനപരമായി തീര്‍ഥാടനം നടന്നു, അതാണ് പ്രധാനമെന്നും അ്ദദേഹം പറഞ്ഞു. ഇതിനിടെയാണ് കോട്ടയത്ത് മാധ്യമങ്ങളെ കണ്ട പിണറായി വിജയന്‍ തന്റെ നിലപാട് ഒന്നുകൂടി ആവര്‍ത്തിച്ചുറപ്പിച്ചത്. ശബരിമല ചര്‍ച്ചയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഈ നീക്കം.ഇപ്പോള്‍ ആ വിഷയം ഉയര്‍ത്തേണ്ടതില്ല. വിധി വന്ന ശേഷം മറ്റ് കാര്യങ്ങളെ കുറിച്ച് ആലോചിക്കാം. ക്ഷേത്രങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 8 കോടിയാക്കി വാര്‍ഷിക ഗ്രാന്‍ഡ് വര്‍ധിപ്പിച്ചു.
ശബരിമല തീര്‍ത്ഥാടന സൗകര്യത്തിന് 1487 കോടി അനുവദിച്ചു. മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയത്തില്‍ ഞാണിന്മേല്‍ കളിയാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചത്. പിണറായി നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് വ്യക്തമാക്കുന്നതെന്നാണ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.
ശബരിമല വീണ്ടും കുരുതിക്കളമാക്കാനുള്ള നീക്കം നടക്കുന്നു. മുഖ്യമന്ത്രി ഉരുണ്ട് കളിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
യുവതീപ്രവേശം സംബന്ധിച്ച സത്യവാങ്മൂലത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നാണ് ശബരിമല ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ പ്രതികരണം.