വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള നിയമത്തില്‍ ഭേദഗതി വരുത്തുക എന്നതാണ് ലക്ഷ്യം; കെ കെ ശൈലജ

കോഴിക്കോട്: വന്യമൃഗ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ കെ കെ ശൈലജ.കാലാവസ്ഥ വളരെ മോശമാണ്. കൊടും ചൂടാണ്. അതുകൊണ്ടുകൂടിയാണ് മൃഗങ്ങള്‍ കാട്ടില്‍നിന്ന് നാട്ടിലേക്കിറങ്ങുന്നത്. മുന്‍പൊക്കെ മൃഗങ്ങള്‍ മനുഷ്യരെ ഉപദ്രവിക്കുന്നത് കുറവായിരുന്നു. ബിജെപിയുടെ ഒരു മന്ത്രി വന്നിട്ട് ചോദിച്ചു, അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചുകൂടേയെന്ന്. ഇവിടെ ഒരു കാട്ടുപന്നിയെ വെടിവച്ചുവെന്ന് കേട്ടാല്‍ അപ്പോള്‍ കേന്ദ്രത്തില്‍ നിന്ന് വിളിവരും. അതുകൊണ്ട് കേന്ദ്ര നിയമമാണ് മാറ്റേണ്ടതെന്ന് കെ കെ ശൈലജ പറഞ്ഞു. തന്റെ ആദ്യ പരിഗണന കര്‍ഷകര്‍ക്കുവേണ്ടിയായിരിക്കും. വന്യമൃഗ ശല്യം പരിഹരിക്കുന്നതിനുള്ള നിയമത്തില്‍ ഭേദഗതി വരുത്തുക എന്നതാണ് ലക്ഷ്യം. ഇവിടെ നിന്നു ജയിച്ചാല്‍ അതിനായി പരിശ്രമിക്കും.വിഷയം പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്നും ശൈലജ പറഞ്ഞു.

വിദ്യാര്‍ഥികള്‍ പൊതുവെ പുലര്‍ത്തേണ്ട ജാഗ്രതയുണ്ട്. എല്ലാ സംഘടനകളിലും പെട്ട വിദ്യാര്‍ഥികള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. റാഗിങിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനോ ന്യായീകരിക്കാനോ ആകില്ല. എന്നാല്‍ എല്ലാം എസ്എഫ്‌ഐ എന്നുപറയുന്നത് ശരിയല്ലെന്നും കെ കെ ശൈലജ പറഞ്ഞു. ഇതില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു.അവര്‍ക്കെതിരെ നടപടിയുണ്ടാകും. അമ്മമാരുടെ ദുഃഖം മനസിലാകും. എസ്എഫ്‌ഐ ആകെ എന്തോ ഒരു പൈശാചിക സംഘടനയെന്ന് പറയാന്‍ ഞാന്‍ ഒരുക്കമല്ല. എന്നാല്‍ എസ്എഫ്‌ഐക്ക് ചേരാത്ത ചിലരുണ്ടെന്നത് പ്രതിഷേധാര്‍ഹാമായ കാര്യമാണെന്നും ശൈലജ പറഞ്ഞു.

Top