എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷം മാത്രം

എൽഡിഎഫ് ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം വിജ്ഞാപനം വന്നതിനു ശേഷം മാത്രമേ ഉണ്ടാകൂ. ഇന്നാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന ദിവസം തന്നെ എൽഡിഎഫ് യോ​ഗം ചേരും. അടുത്ത ദിവസം തന്നെ സിപിഎം, സിപിഐ നേതൃയോഗങ്ങൾ വിളിച്ചു സ്ഥാനാർത്ഥികളെ നിശ്ചയിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം ഇന്ന് പൂര്‍ത്തിയായി. 15 സീറ്റിൽ സിപിഐഎമ്മും നാല് സീറ്റിൽ സിപിഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കും. കേരള കോൺഗ്രസ് എം രണ്ടാമതൊരു സീറ്റ് ആവശ്യപെട്ടെങ്കിലും മുന്നണി അംഗീകരിച്ചില്ല. ആർജെഡിയുംഒരു ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥിതി തുടരണം എന്ന നിലപാടാണ് സീറ്റ് വിഭജനത്തിൽ സിപിഐഎം സ്വീകരിച്ചത്. 2019 വരെ 16 സീറ്റിൽ സിപിഐഎമ്മും നാല് സീറ്റിൽ സിപിഐയുമാണ് മത്സരിച്ചു വന്നിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെയാണ് അവർ മത്സരിച്ചു വന്നിരുന്ന കോട്ടയം സീറ്റ് നൽകിയത് .

കേരള കോൺഗ്രസ് എം രണ്ടാമതൊരു സീറ്റ് കൂടി മുന്നണി ചോദിച്ചെങ്കിലും നൽകാൻ കഴിയില്ലെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കുകയായിരുന്നു. ആർജെഡിയും ഒരു ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഘടകകക്ഷികൾ തന്നെ ഇത്തവണയും മത്സരിക്കട്ടെ എന്ന് നേതൃത്വം ആർജെഡിയെ അറിയിച്ചു. സോഷ്യലിസ്റ്റുകൾ സഹകരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 14ന് എല്ലാ ജില്ലകളിലും എൽഡിഎഫ് യോഗങ്ങൾ ചേരും.

Top