LDF comeback in kerala-india tv survey

ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് ഇന്ത്യടിവി-സി വോട്ടര്‍ അഭിപ്രായ സര്‍വേ ഫലം. ഇടതുപക്ഷം 89 സീറ്റുകള്‍ നേടുമെന്നാണ് സര്‍വേ പറയുന്നത്. നിലവിലെ ഭരണകക്ഷിയായ യുഡിഎഫ് 49 സീറ്റിലേക്കൊതുങ്ങുമെന്നും പ്രവചിച്ചിട്ടുണ്ട്.

ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം കേരളത്തില്‍ ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു.

കേരളത്തില്‍ ഭരണമാറ്റം സുനിശ്ചിതമാണെന്നാണ് മുന്‍പ് കേരളത്തിലെ രണ്ട് ചാനലുകള്‍ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടുകളും സൂചിപ്പിച്ചിരുന്നു.

കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഏറെ ആകാംഷയോടെ നോക്കുന്ന പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ എത്തുമെന്നാണ് അഭിപ്രായ സര്‍വേ പറയുന്നത്. 294 സീറ്റില്‍ 156 സീറ്റില്‍ തൃണമൂല്‍ നേടും. ഇടതുമുന്നണി 114 സീറ്റും നേടും. കോണ്‍ഗ്രസിന് 13 സീറ്റ് മാത്രമാകും ലഭിക്കുകയെന്നും പറയുന്നു.

വാശിയേറിയ മല്‍സരം നടക്കുന്ന തമിഴ്‌നാട്ടില്‍ ജയലളിത നയിക്കുന്ന എഐഎഡിഎംകെ ഭരണം തുടരും. എന്നാല്‍ കരുണാനിധിയുടെ നേതൃത്വത്തിലെ ഡിഎംകെ 101 സീറ്റ് നേടി തൊട്ടുപിന്നാലെ നില്‍ക്കുമെന്നും സര്‍വേ പറയുന്നു. എഐഎഡിഎംകെയുടെ നിലവിലെ 203 സീറ്റെന്ന ഭൂരിപക്ഷം കുറഞ്ഞ് 116 സീറ്റാവും. ഡിഎംകെയ്ക്ക് നിലവില്‍ കേവലം 31 സീറ്റു മാത്രമാണ് ഉള്ളത്. ബിജെപിക്ക് സീറ്റൊന്നും ലഭിക്കില്ല. മറ്റുള്ള കക്ഷികള്‍ 18 സീറ്റ് നേടും.

അസമില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം വലിയ ശക്തിയാകുമെന്നും സര്‍വേ വ്യക്തമാക്കുന്നു. 126 സീറ്റുകളിലേക്ക് നടക്കുന്ന മല്‍സരത്തില്‍ ബിജെപി 56 സീറ്റ് നേടും. നിലവില്‍ 78 സീറ്റുള്ള കോണ്‍ഗ്രസിന് 44 എണ്ണമേ നേടാന്‍ സാധിക്കുവെന്നും സര്‍വേയില്‍ പറയുന്നു.

നാല് സംസ്ഥാനങ്ങള്‍ കൂടാതെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഏപ്രില്‍ 4നും മേയ് 16നും ഇടയിലാണ് അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്നത്. മേയ് 19ന് ഫലം അറിയാം.

Top