തിരുവനന്തപുരം: സിഎഎ വിഷയത്തിലും കോണ്‍ഗ്രസ് മുസ്‌ലിം ലീഗിനെ വഞ്ചിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. സിഎഎ ഒരു ജനവിഭാഗത്തിന്റെ പൗരാവകാശ നിഷേധം കൂടിയാണ്. ഒരു മതവിഭാഗത്തിനു കൂടുതല്‍ ഉത്കണ്ഠയും ഭയവുമുണ്ടാവുകയാണ്. രാജ്യത്തെ എല്ലാ ജനങ്ങളും ഭയത്തിലാണ്. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ രാജ്യം അസ്വസ്ഥമാവുകയാണ്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന പൗരന്റെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം. തീവ്ര ഹിന്ദുത്വം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പു അടുത്തുനില്‍ക്കെ ഇന്ത്യന്‍ ജനത കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി നടത്താന്‍ ഇന്ത്യന്‍ പാര്‍ലമെന്റിനു പോലും അധികാരമില്ലെന്നും ജയരാജന്‍ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ് കേന്ദ്രം നടത്തിയത്. ഇത്തരം നിയമനിര്‍മാണത്തിലൂടെ കൂടുതല്‍ വര്‍ഗീയതയിലേക്ക് ബിജെപി സര്‍ക്കാര്‍ നീങ്ങുകയാണ്. ഭരണഘടനാ വിരുദ്ധമായ ഈ നിലപാടിനെതിരെ സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത് കേരള സര്‍ക്കാര്‍ മാത്രമാണ്. ഈ കാര്യത്തില്‍ മതേതരവാദികളെല്ലാം എല്‍ഡിഎഫ് നിലപാടിനു കൂടുതല്‍ കരുത്തും പിന്തുണയും നല്‍കേണ്ടതുണ്ടെന്നും ജയരാജന്‍ പറഞ്ഞു.