ഘടക കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കാന്‍ സിപിഎം സെക്രട്ടറിയേറ്റ് ധാരണ

തിരുവനന്തപുരം: സീറ്റുകള്‍ വിട്ടുനല്‍കാന്‍ സിപിഎം ധാരണ. എല്‍ഡിഎഫിലെ പുതിയ കക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടു നല്‍കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലെ തീരുമാനം. ഘടകക്ഷികളില്‍ നിന്ന് കൂടുതല്‍ സീറ്റ് ഏറ്റെടുക്കേണ്ടതില്ലെന്നും സെക്രട്ടറിയേറ്റ് തീരുമാനമെടുത്തു.

മാര്‍ച്ച് ഒന്നാം തീയതി മുതല്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയാകും. 4,5 തീയതികളിലായി സംസ്ഥാന കമ്മിറ്റി ചേരും. പത്താം തീയ്യതിക്കുള്ളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കണമെന്നൂം തീരുമാനമായിട്ടുണ്ട്.

രണ്ടാം ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആരംഭിക്കും. സിപിഐയില്‍ നിന്നടക്കം കൂടുതല്‍ സീറ്റുകള്‍ എടുക്കില്ല. അതേസമയം, ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ ഏറ്റെടുത്തേക്കും.

കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം, എല്‍ജെഡി തുടങ്ങിയ എല്‍ഡിഎഫില്‍ പുതുതായി എത്തിയിട്ടുള്ള കക്ഷികള്‍ക്ക് നല്‍കുന്ന ഭൂരിപക്ഷം സീറ്റുകളും സിപിഎമ്മിന്റെ അക്കൗണ്ടില്‍ നിന്ന് വിട്ടുനല്‍കാനാണ് തീരുമാനം. ഇതനുസരിച്ച് എട്ടോ ഒമ്പതോ സീറ്റുകളില്‍ സിപിഎമ്മിന് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ 92 സീറ്റില്‍ സിപിഎം മത്സരിച്ചിരുന്നു.

Top