സ്വര്‍ണക്കടത്ത് കേസ് പ്രതിരോധിക്കാൻ LDF വിശദീകരണയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ആരോപണങ്ങളും പ്രതിപക്ഷ പ്രതിഷേധങ്ങളും പ്രതിരോധിക്കാന്‍ ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്കും റാലികള്‍ക്കും ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. മുഖ്യമന്ത്രിക്ക് പിന്തുണയുമായി പടുകൂറ്റന്‍ റാലിയാണ് എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്. ആരോപണം മുഖ്യമന്ത്രിക്കെതിരായതിനാല്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ വച്ച് നടന്ന ആക്രമണ ശ്രമം ആയുധമാക്കി പ്രതിപക്ഷത്തിനെ കടന്നാക്രമിക്കാനാണ് ഇടത് മുന്നണി ലക്ഷ്യമിടുന്നത്.

വൈകീട്ട് നാല് മണിക്ക് പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതു സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്നണിയുടെ നിലപാടുകൾ വിശദീകരിക്കും. സ്വപ്ന സുരഷിന് വലിയ വിശ്വാസ്യത ഒന്നും കിട്ടിയിട്ടില്ലെന്നാണ് എല്‍ ഡി എഫ് വിലയിരുത്തൽ. മുഖ്യഘടകക്ഷികള്‍ക്ക് പുറമേ മുന്നണിയുമായി സഹകരിക്കുന്ന ചെറുപാര്‍ട്ടികളും രാഷ്്ട്രീയ വിശദീകരണ യോഗങ്ങളുടെ ഭാഗമാവും.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്സ്മെന്‍റിന് നൽകാൻ കോടതി ഉത്തരവ്. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇ ഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല. തുടർന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിയ്ക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്. ഡോളർ കടത്ത് കേസിൽ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി ഹർജിയിൽ കസ്റ്റംസ് വിശീദകരണം കേട്ട ശേഷം തീരുമാനമെടുക്കാമമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹർജി നാളെ പരിഗണിക്കും.

Top