“ഉറപ്പാണ് എൽഡിഎഫ്”:ചുവപ്പണിഞ്ഞ് ഓട്ടോകൾ: പരാതിയുമായി കോൺഗ്രസ്

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തലസ്ഥാനത്തെ ഓട്ടോകൾ മിക്കതും ചുവപ്പണിഞ്ഞു. ഇടതുമുന്നണിയുടെ പരസ്യ വാച‍കമായ ‘ഉറപ്പാണ് എൽഡിഎഫ്’ എന്നു ഫ്ലെക്സിലാക്കി പതിച്ചതിനൊപ്പം ഓട്ടോകൾ ചുവവപ്പു ചായവും പൂശിയിരിക്കുകയാണ്.ഓട്ടോകൾ എല്ലാം നിറം മാറ്റിയതോടെ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

എന്നാൽ ഇതിനെതിരെ പരാതിയുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്.കേരള മോട്ടർ വാഹന ചട്ട പ്രകാരം മഞ്ഞയും കറുപ്പു നിറവും മാത്രമാണ് ഓട്ടോ‍കൾക്കും ടാക്സിക്കും അനുവദനീയം. സ്വകാര്യ ആവശ്യത്തി‍നാണെങ്കിൽ നീല നിറവും ഉപയോഗിക്കാം. ഇലക്ട്രിക് ഓട്ടോകൾക്ക് വെള്ളയും ഇടയിൽ നീലയും കലർന്ന നിറവും, കംപ്രസ്ഡ് നാ‍ച്വറൽ ഗ്യാസ്, ലിക്വി‍ഫൈഡ് പെട്രോളിയം ഗ്യാസ്, എന്നിവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് പച്ചയും മഞ്ഞയും, സ്ത്രീകൾ ഓടിക്കുന്ന ഓട്ടോകൾക്ക് ഇളം നീല നിറവുമാണ് ഉപയോഗിക്കാൻ അനുവാദം നൽകിയിരിക്കുന്നത്.

പൊതുനിരത്തുകളിൽ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ നിരോധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ വെല്ലു‍വിളിക്കാനുള്ള വളഞ്ഞ വഴിയാണ് ഓട്ടോകൾ പ്രചാരണാ‍യുധമാക്കുന്നതിലൂടെ ഉദേശിക്കുന്നതെ‍ന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.ഇതേ‍ക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും കോൺഗ്രസ് അധികാരികൾ പറഞ്ഞു.

മോട്ടർ വാഹന വകുപ്പിന്റെ കൃത്യമായ അനുവാദം ലഭിക്കാത്തവർ ഇത്തരത്തിൽ സ്റ്റിക്കറും മറ്റും പതിക്കുന്നത് നിയമവിരുദ്ധമാണ്.

Top