ജനകീയ സമര നേതാക്കളെ ഇടത്പക്ഷ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ആം ആദ്മി

കൊച്ചി: ജനകീയ സമരങ്ങളെ തീവ്രവാദി-മാവോയിസ്റ്റ് എന്ന പേരില്‍ അടിച്ചമര്‍ത്താനുള്ള ഇടത്പക്ഷ സര്‍ക്കാരിന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നതായി ആം ആദ്മി.

മുത്തങ്ങ സമരകാലം മുതല്‍ ആരംഭിച്ച സര്‍ക്കാരിന്റെ ഇത്തരം അസത്യപ്രചരണം ഏറ്റവും ഒടുവില്‍ മുന്നാറിലും, പുതുവൈപ്പിനിലും തുടരുകയാണ്. എന്നാല്‍ നാളിതുവരെ ഈ സമരങ്ങളില്‍ ഇടപെട്ട ഒരു തീവ്രവാദിയെ പോലും കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല എന്നത് തന്നെ ഇത്തരം നീക്കങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതാണെന്നും പാര്‍ട്ടി കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും പൂര്‍ണ്ണമായും അംഗീകരിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ആം ആദ്മി പാര്‍ട്ടിയും പൊമ്പിളൈ ഒരുമയും. ഈ രണ്ടു സംഘടനകളുടെയും സജീവ പ്രവര്‍ത്തകനായ മനോജിനെ ജൂണ്‍ 16 ന് അകാരണമായ ചോദ്യം ചെയ്യുകയും തടവിലാക്കി ഭീഷണിപ്പെടുത്തിയതും ചോദ്യം ചെയ്തതും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ വാലായി ചില മാധ്യമങ്ങള്‍ പൊലീസിന്റെ ഈ നുണക്കഥകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത്തരം അസത്യ പ്രചാരണങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെന്നും പാര്‍ട്ടി അഭ്യര്‍ഥിച്ചു.

Top