തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അഞ്ചുലക്ഷം ഏക്കര്‍ ഭൂമിയില്‍ തിരിമറി നടന്നെന്ന് നിയമമന്ത്രി എ.കെ ബാലന്‍. ഐജി എസ്.ശ്രീജിത്ത് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.
കരുണ എസ്‌റ്റേറ്റ് അടക്കമുളള വിവാദ ഭൂമി ഇടപാടുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കുമെന്നും ഏതുതരം അന്വേഷണം വേണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിക്കുമെന്നും എ.കെ ബാലന്‍ വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാര്‍ എടുത്ത വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാനായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം രൂപീകരിച്ച ഉപസമിതി ഇന്ന് ചേരാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം.
എ.കെ ബാലന്‍ കണ്‍വീനറായ മന്ത്രിതല ഉപസമിതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനുവരി ഒന്നുമുതല്‍ എടുത്ത തീരുമാനങ്ങളാണ് പുനഃപരിശോധിക്കുന്നത്. അവസാന രണ്ടുമാസത്തെ മന്ത്രിസഭാ യോഗങ്ങളില്‍ മാത്രം 822 തീരുമാനങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്.
ഇതില്‍ പലതും വിവാദമാകുകയും ചെയ്തിരുന്നു. എ.കെ ബാലന് പുറമെ മന്ത്രിമാരായ തോമസ് ഐസക്, വിഎസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, എ.കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരടങ്ങുന്നതാണ് ഉപസമിതി.