ബാറുകള്‍ തുറന്നേക്കും ; സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഇടതുമുന്നണിയുടെ അംഗീകാരം

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഇടതുമുന്നണി അംഗീകാരം നല്‍കി. നിയമ തടസ്സമില്ലാതെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായി.

ടൂ സ്റ്റാര്‍ ബാറുകള്‍ക്കും അനുമതി നല്‍കിയേക്കും. ഷാപ്പിന് പുറത്തേക്ക് കള്ള് വില്‍പ്പന ആരംഭിക്കാനും ധാരണയായി. നിയമസാധുത കൂടി പരിഗണിച്ചായിരിക്കും ലൈസന്‍സ് നല്‍കുക. കഴിഞ്ഞ തവണത്തെ യുഡിഎഫ് സര്‍ക്കാര്‍ അടച്ചിട്ട, എന്നാല്‍ നിയമപരമായ തടസ്സങ്ങളില്ലാത്ത എല്ലാ ബാറുകളും തുറക്കാനാണ് യോഗം തീരുമാനിച്ചത്.

കള്ള് വ്യവസായം സംരക്ഷിക്കാന്‍ ‘ടോഡി ബോര്‍ഡ് ‘രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ മദ്യനയം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

അതേസമയം എല്‍ഡിഎഫിന്റെ മദ്യനയത്തില്‍ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. മദ്യശാലകള്‍ തുറന്നു കൊടുത്ത് എങ്ങനെയാണ് മദ്യവര്‍ജ്ജനമെന്ന ലക്ഷ്യം നടപ്പിലാക്കുകയെന്ന് മുന്‍ കെപിസിസ അധ്യക്ഷന്‍ വിഎം സുധീരന്‍ പ്രതികരിച്ചു.

കേരളത്തിലേക്ക് ടൂറിസ്റ്റുകള്‍ വരുന്നത് കേരളം ആസ്വദിക്കാനാണ്. കള്ള് കുടിക്കാനല്ല. ബാറുകള്‍ അടച്ചിട്ടും ടൂറിസ്റ്റുകളുടെ എണ്ണത്തിലോ വരുമാനത്തിലോ യാതൊരു വിധത്തിലുള്ള കുറവും വരുത്തിയിട്ടില്ല. ബാറുകള്‍ തുറക്കാനുള്ള തീരുമാനം കേരളത്തിനെ ആപത്കരമായ ഘട്ടത്തിലേക്കെത്തിക്കാന്‍ മാത്രമേ കാരണമാവുകയുള്ളൂവെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top