ഇടതുമുന്നണി നേതൃയോഗം ഇന്ന് ; വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം : ഇടതുമുന്നണി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വനിതാ മതില്‍ തീര്‍ക്കാനുള്ള തീരുമാനത്തിന് യോഗം ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിക്കും. വനിതാ മതിലിന് മുന്നോടിയായി വിപുലമായ പ്രചരണ പരിപാടികള്‍ക്കും യോഗം രൂപം നല്‍കും.

ഇടുതുമുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ ക്ഷണിക്കുന്നതിലും ചര്‍ച്ച നടക്കും.

അതേസമയം നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലുമായി സഹകരിക്കില്ലെന്ന് കേരള ധീവര മഹാസഭയും ബ്രാഹ്മണ സഭയും അറിയിച്ചിരുന്നു.

നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനും നടത്താന്‍ ഒരുങ്ങുന്ന വനിതാ മതിലിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. വനിതാ മതിലെന്ന പരിപാടി പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണെന്നാണ് ചെന്നിത്തല പരിഹസിച്ചത്.

Top