ഇടതു മുന്നണിയുടെ വികസന മുന്നേറ്റ ജാഥകള്‍ക്ക് ഇന്ന് സമാപനം

തൃശ്ശൂര്‍: എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥകള്‍ ഇന്ന് അവസാനിക്കും. തെക്കന്‍ മേഖല യാത്രയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയനും, വടക്കന്‍മേഖലജാഥ സമാപനം എസ് രാമചന്ദ്രന്‍ പിള്ളയും ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിനെതിരെ ഇതുവരെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കും.

നവകേരള സൃഷ്ടിക്കായ് വീണ്ടും എല്‍ഡിഎഫ് എന്ന പേരിലാണ് തെക്ക് നിന്നും വടക്ക് നിന്നും ഇടത് മുന്നണി മേഖല ജാഥകള്‍ സംഘടിപ്പിച്ചത്. വടക്കന്‍ മേഖല ജാഥ സിപിഎം സംസ്ഥാനസെക്രട്ടറി എ വിജയരാഘവനും തെക്കന്‍മേഖല ജാഥ സിപിഐ നേതാവ് ബിനോയ് വിശ്വവുമാണ് നയിച്ചത്. തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്തും, വടക്കന്‍മേഖല ജാഥ തൃശ്ശൂരിലുമാണ് സമാപിക്കുന്നത്.

തിരുവനന്തപുരത്ത് നടക്കുന്ന തെക്കന്‍മേഖല ജാഥയുടെ സമാപന ചടങ്ങ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും, വടക്കന്‍ മേഖല ജാഥയുടേത് തൃശ്ശൂരില്‍ സിപിഎം പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ളയും നിര്‍വ്വഹിക്കും.

ശബരിമല ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള പ്രതിപക്ഷ നീക്കത്തിനും മറുപടിയുണ്ടാകും.ആരോഗ്യപരമായ കാരണങ്ങളാല്‍ സീതാറാം യെച്ചൂരി സമാപന ചടങ്ങുകളില്‍ പങ്കെടുക്കില്ല. ഇന്ന് ജാഥകള്‍ അവസാനിച്ചതിന് പിന്നാലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കാനാണ് ഇടത് പാര്‍ട്ടികളുടെ തീരുമാനം.

Top