വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം; നല്‍കുന്നത് എന്ത് സന്ദേശമെന്ന് സീതാറാം യെച്ചൂരി

sitaram yechoori

ന്യൂല്‍ഹി രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച് സിപിഎം രംഗത്ത്. രാഹുല്‍ വയനാട്ടിലേയ്ക്ക് വരുന്നത് കൊണ്ട് എന്ത് സന്ദേശമാണ് കോണ്‍ഗ്രസ് നല്‍കുന്നതെന്ന് സീതാറാം യെച്ചൂരി ചോദിച്ചു.

കാലങ്ങളായി കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്നും നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയെ പരാജയപ്പെടുത്തണമെന്നതിനാണ് സിപിഎം മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടത് പക്ഷത്തിന് എതിരെയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആശങ്കകള്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പ്രത്യേകം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയാണ് പ്രഖ്യാപിച്ചത്. രാഹുലിന് ഏറ്റവും അനുയോജ്യമായ മണ്ഡലമാണ് വയനാടെന്നും മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സീറ്റാണ് വയനാട്ടിലേതെന്നും എ.കെ ആന്റണി വ്യക്തമാക്കിയിരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ എ.കെ ആന്റണിയെ കൂടാതെ അഹമ്മദ് പട്ടേല്‍, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്‌സിംഗ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍ എന്നിവരും പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ഞായറാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാധ്യമങ്ങളെ കണ്ട് രാഹുലിന്റെ തീരുമാനം അറിയിച്ചത്. അമേഠിയ്ക്കു പുറമേയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലും മത്സരിക്കുക.

Top