LDF seeks K. Babu’s resignation; Assembly adjourned for the day

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് രാവിലെ ചോദ്യോത്തരവേള ആരംഭിച്ചതു മുതല്‍ പ്രതിപക്ഷം ബഹളം ഉയര്‍ത്തിയിരുന്നു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയിലെത്തിയ പ്രതിപക്ഷം ബാബു രാജി വയ്ക്കുക, കോഴ മന്ത്രിയെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി. ചോദ്യോത്തരവേള നിറുത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ശൂന്യവേളയില്‍ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്ന് സ്പീക്കര്‍ മറുപടി നല്‍കി. പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തരവേള തുടര്‍ന്നു.

ശൂന്യവേളയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. മാണിക്കും ബാബുവിനും രണ്ട് നീതിയാണെന്ന് കോടിയേരി ആരോപിച്ചു. ഒരു കോടി രൂപ കോഴ വാങ്ങിയ മാണി പുറത്തും 10 കോടി വാങ്ങിയ ബാബു അകത്തുമാണെന്നും കോടിയേരി പരിഹസിച്ചു.

എന്നാല്‍, മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴ അഴിമതി ആരോപണത്തെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചത് നിയമാനുസൃതമായി കേസ് മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് മനസിലായതിനാലാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടിയായി പറഞ്ഞു. ബാര്‍ കേസിന്റെ അന്വേഷണത്തില്‍ സര്‍ക്കാരിനോ വിജിലന്‍സിനോ ഇരട്ടനീതിയില്ല. കേസ് രജിസ്റ്റര്‍ ചെയ്യാതെ തന്നെ വിജിലന്‍സിന് അന്വേഷണം നടത്താമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം.പോള്‍ നല്ല രീതിയിലാണ് അന്വേഷണം നടത്തിയത്. മാണിയുടെ കേസും ബാബുവിന്റെ കേസും വ്യത്യസ്തമാണ്. ബാബുവിന് നേരെ ഉയര്‍ന്ന ആരോപണം തെറ്റാണെന്ന് ആദ്യം തന്നെ മൊഴി ലഭിച്ചുവെന്നും ചെന്നിത്തല സഭയെ അറിയിച്ചു.

എന്നാല്‍ മാണിയെ സേഫ് ആക്കാന്‍ സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു. മാണിയേക്കാള്‍ ഗുരുതരമാണ് ബാബുവിനെതിരായ ആരോപണം. ഗാന്ധാരി വിലാപത്തിലേതു പോലെയാണ് മാണിയുടെ അവസ്ഥ. പിടിച്ചതിനേക്കാള്‍ വലുതാണ് അളയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബാബു കൈപറ്റിയ കോഴയുടെ പങ്ക് പുതുപ്പള്ളി വഴി പോയോയെന്നും വി.എസ് ചോദിച്ചു. പൂജപ്പുര ജയിലിന്റെ വാതിലുകള്‍ മാണിക്കു വേണ്ടി താമസിയാതെ തുറക്കുമെന്നും വി.എസ് പറഞ്ഞു. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തത് ഒരു പന്തിയില്‍ രണ്ട് വിളമ്പ് എന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമയേത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇതോടെ ശ്രദ്ധ ക്ഷണിക്കലും സബ്മിഷനുകളും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.

സഭയില്‍ നിന്നും പുറത്തേയ്ക്ക് പ്രകടനമായി നീങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ എല്‍ഡിഎഫിന്റെ നിയമസഭ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചു റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Top