തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് അട്ടിമറി വിജയം

കൊച്ചി : തൃക്കാക്കര നഗരസഭാ ഭരണം എല്‍.ഡി.എഫിന്റെ കയ്യില്‍. സി.പി.ഐ.എമ്മിന്റെ ഉഷാ പ്രവീണാണ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. എല്‍.ഡി.എഫിന് 21 വോട്ടും യു.ഡി.എഫിന് 20 വോട്ടുമാണ് ലഭിച്ചത്. ഉഷാ പ്രവീണിനെതിരെ യു.ഡി.എഫിന്റെ അജിതാ തങ്കപ്പനാണ് മത്സരിച്ചത്.

ഇരു മുന്നണിക്കും സഭയില്‍ തുല്യഅംഗങ്ങളാണ്. കോണ്‍ഗ്രസിന്റെ കെ.ഇ മജീദിന്റെ വോട്ടാണ് അസാധുവായത്. എന്നാല്‍ അരക്കോടി രൂപ കോഴ വാങ്ങി മജീദ് ചതിക്കുകയായിരുന്നുവെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

തൃക്കാക്കര നഗരസഭ നിലവില്‍ വന്ന ശേഷം പന്ത്രണ്ടാമത്തെ നഗരസഭാ അധ്യക്ഷയേയാണ് ഇന്ന് തെരഞ്ഞെടുത്തത്.

അവിശ്വാസ പ്രമേയം കൊണ്ടുവന്നാണ് യുഡിഎഫ് മുന്‍ അധ്യക്ഷ നീനുവിനെ പുറത്താക്കിയിരുന്നത്. കോണ്‍ഗ്രസിലെ എം ടി ഓമനയായിരുന്നു പിന്നീട് അധ്യക്ഷയായത്. എന്നാല്‍ യുഡിഎഫിലെ അധ്യക്ഷപദവി വീതം വയ്പ്പില്‍ പരിഗണന കിട്ടാതിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഷീല ചാരു കൂറുമാറിയതോടെ എം ടി ഓമനയ്ക്ക് അധ്യക്ഷ പദവി നഷ്ടമായി.

അധ്യക്ഷ പദവി നല്‍കിയാണ് എല്‍ഡിഎഫ് 9 മാസം മുന്‍പ് ഷീല ചാരുവിനെ കൂറുമാറ്റി നഗരസഭയില്‍ ഭരണം പിടിച്ചെടുത്തത്. എന്നാല്‍ രണ്ടാഴ്ച മുന്‍പ് കൂറുമാറ്റത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതോടെ ഷീല ചാരു അയോഗ്യയാവുകയായിരുന്നു.

Top