സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ ഡി.വൈ.എഫ്.ഐ പേടിയിലാണിപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ്. കളമശേരി മണ്ഡലത്തില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം മത്സരിച്ചാല്‍ ഇടതുപക്ഷം വിജയിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്റിനും യുഡിഎഫ് കണ്‍വീനര്‍ക്കും അദ്ദേഹം കത്തും നല്‍കിയിട്ടുണ്ട്. ജനവികാരം ഇബ്രാഹിം കുഞ്ഞിനും ലീഗിനും എതിരാണെന്നും ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ മല്‍സരിച്ചാലും പ്രത്യേകിച്ച് ഒരു കാര്യവുമില്ലന്നുമാണ് ഷാജഹാന്‍ ചൂണ്ടിക്കാട്ടുന്നത് എ.എ. റഹീം രംഗത്തിറങ്ങായാല്‍ ഇബ്രാഹിം കുഞ്ഞ് മാന്യമായി തോല്‍ക്കുമെന്നും കത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്.
ഷാജഹാന്റെ ഈ നിലപാടിനു പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് കളമശേരി നിയോജകമണ്ഡലം കമ്മറ്റിയും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കളമശേരിയിലെ ലീഗിന് കാര്യമായ സ്വാധീനമില്ലെന്ന് മനസിലാക്കാമെന്നും കത്തില്‍ ഷാജഹാന്‍ വ്യക്തമാക്കിയിട്ടുണ്ട്. നഗരസഭയിലെ പത്ത് സീറ്റില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ലീഗ് വിജയിച്ചത്. ഏലൂര്‍ നഗരസഭയില്‍ ഒരാള്‍ പോലും ജയിച്ചിട്ടുമില്ല. കുന്നുകര, കടുങ്ങല്ലൂര്‍, കരുമാലൂര്‍ പഞ്ചായത്തുകളിലും വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ തട്ടകമായ ആലങ്ങാടും ലീഗിന്റെ പ്രകടനം ദയനീയമായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് തുറന്നടിച്ചിട്ടുണ്ട്. കത്തിന്റെ കോപ്പികള്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും അദ്ദേഹം അയച്ചിട്ടുണ്ട്.
ഈ കത്തിനെ ചൊല്ലി വലിയ പൊട്ടിത്തെറിയാണ് യു.ഡി.എഫില്‍ നിലവില്‍ ഉണ്ടായിരിക്കുന്നത്. കളമശ്ശേരി മണ്ഡലത്തില്‍ മത്സരിക്കുന്നതിനു വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ്സ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നാണ് ലീഗിലെ ഒരു വിഭാഗം പറയുന്നത്. എന്നാല്‍, മറ്റൊരു വിഭാഗം ലീഗ് നേതാക്കള്‍ ഇബ്രാഹിം കുഞ്ഞിനെ മാറ്റണമെന്ന നിലപാടിനൊപ്പമാണുള്ളത്. യുവ നേതാക്കളെ സംസ്ഥാന നേതൃത്വം പരിഗണിക്കണമെന്നതാണ് ഈ വിഭാഗത്തിന്റെ ആവശ്യം. കളമശ്ശേരി മണ്ഡലത്തില്‍ തന്നെ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ഇബ്രാഹിം കുഞ്ഞിന് പാളയത്തിലെ ഈ ‘പട’, അപ്രതീക്ഷിത വെല്ലുവിളിയാണുണ്ടാക്കിയിരിക്കുന്നത്. ‘താനല്ലങ്കില്‍ മകന്‍” എന്ന അദ്ദേഹത്തിന്റെ നിലപാടും യു.ഡി.എഫ് അണികള്‍ ഇപ്പോള്‍ അംഗീകരിക്കാത്ത സാഹചര്യമാണുള്ളത്.
അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ യു.ഡി.എഫ് കളമശ്ശേരിയില്‍ തോല്‍വി സമ്മതിച്ചിരിക്കുകയാണെന്നാണ് സി.പി.എം ചൂണ്ടിക്കാണിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കളമശ്ശേരിയില്‍ ഇടതുപക്ഷം വലിയ മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വമുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് പാര്‍ട്ടി കടന്നിട്ടില്ലെന്നും എല്ലാ സാധ്യതയും പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്നുമാണ് ജില്ലാ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ജില്ലാ കമ്മറ്റിയുടെ ശിപാര്‍ശ പരിഗണിച്ച് അന്തിമ തീരുമാനം സി.പി.എം സംസ്ഥാന കമ്മറ്റിയാണ് എടുക്കുക. ഇത്തവണ എറണാകുളം ജില്ലയില്‍ വലിയ പ്രതീക്ഷയാണ് ഇടതുപക്ഷം പുലര്‍ത്തുന്നത്. ഭൂരിപക്ഷ സീറ്റുകളിലും വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന് അനുസരിച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് അണികളും പ്രതീക്ഷിക്കുന്നത്.
കോണ്‍ഗ്രസ്സ് കോട്ടയായ തൃപ്പൂണിത്തുറ സ്വരാജിലൂടെ പിടിച്ചെടുത്തത് പോലെ, റഹീമിലൂടെ കളമശ്ശേരി പിടിച്ചെടുക്കണമെന്നതാണ് സി.പി.എം അണികള്‍ ആഗ്രഹിക്കുന്നത്. ഇതു സംബന്ധമായ മാധ്യമ വാര്‍ത്തകളാണ് യു.ഡി.എഫിലും പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയാണ് സിറ്റിംഗ് എം.എല്‍.എ ഇബ്രാഹിം കുഞ്ഞ് എന്നതിനാല്‍ ഏത് സ്ഥാനാര്‍ത്ഥി യു.ഡി.എഫ് ബാനറില്‍ മത്സരിച്ചാലും വലിയ വെല്ലുവിളി തന്നെയാണ് നേരിടേണ്ടി വരിക. കളമശ്ശേരി മണ്ഡലത്തിലെ ഇടതുപക്ഷത്തിന്റെ പ്രധാന തുറുപ്പ് ചീട്ടും, ഈ പാലം അഴിമതി തന്നെയായിരിക്കും. കളമശ്ശേരി കോണ്‍ഗ്രസ്സുമായി വച്ചുമാറണമെന്ന നിര്‍ദ്ദേശം പോലും പുതിയ സാഹചര്യത്തില്‍ മുസ്ലീംലീഗിനുണ്ട്.
എന്നാല്‍, ആര് നിന്നാലും പാലം അഴിമതി ചതിക്കുമെന്ന ഭീതി ഉള്ളതിനാല്‍ ഈ വച്ചു മാറ്റത്തിന് ജില്ലയിലെ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറല്ല. ഇതോടെ ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ മുസ്ലീം ലീഗുള്ളത്. ഡി.വൈ.എഫ്.ഐ നേതാക്കള്‍ ആരും മത്സരിക്കാന്‍ വരരുതേ എന്നത് മാത്രമാണ് അവരിപ്പോള്‍ ആഗ്രഹിക്കുന്നത്.