എല്‍ഡിഎഫ് വിടുമെന്ന് ഉറപ്പിച്ച് കാപ്പന്‍; യുഡിഎഫ് ഘടകക്ഷിയാകും

കോട്ടയം: എല്‍ഡിഎഫ് വിടുമെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. യുഡിഎഫിന്റെ ഘടക കക്ഷിയാകാനാണ് ഉദ്ദേശിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുന്‍പ് മുന്നണിമാറ്റത്തില്‍ തീരുമാനം വേണമെന്നും മാണി സി കാപ്പന്‍ ആവശ്യപ്പെട്ടു.

എ കെ ശശീന്ദ്രന്‍ പാറ പോലെ എല്‍ഡിഎഫില്‍ നിന്നോട്ടെ. പ്രഫുല്‍ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് വൈകീട്ട് തീരുമാനം അറിയിക്കുമെന്നും കാപ്പന്‍ വിശദമാക്കി. അതേസമയം, എ കെ ശശീന്ദ്രനെ എന്‍സിപി ദേശീയ നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. ഇതോടെ എന്‍സിപിയുടെ മുന്നണി മാറ്റത്തില്‍ തീരുമാനം വൈകും എന്ന സൂചനകളാണ് പുറത്തു വരുന്നത്.

ശശീന്ദ്രന്‍ നേരത്തെ എല്‍ഡിഎഫില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു. നാല് സീറ്റുകള്‍ എന്ന എന്‍സിപിയുടെ ആവശ്യം നിഷേധിക്കപ്പെട്ടിട്ടില്ല. പാലയ്ക്ക് പകരം മറ്റേതെങ്കിലും സീറ്റ് ലഭിക്കാനുള്ള സാധ്യതയും എ കെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ശശീന്ദ്രനെ കൂടി കേള്‍ക്കണമെന്ന് നേതൃത്വത്തോട് നിര്‍ദേശിച്ചു.

 

Top