നേട്ടങ്ങളിൽ യു.ഡി.എഫ് സർക്കാറല്ല, ഇടത് സർക്കാറാണ് ബഹുദൂരം മുന്നിൽ

പ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടക്കുന്ന ഒരു ചര്‍ച്ച, ഇടതുപക്ഷ സര്‍ക്കാറിന്റെ പുതിയ ബജറ്റിനെ കുറിച്ചും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെകുറിച്ചുമാണ്. ഉമ്മന്‍ചാണ്ടി ഭരണമാണ് മികച്ചതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സ് അനുഭാവികള്‍ മാത്രമല്ല മുസ്ലീം ലീഗ് പ്രവര്‍ത്തകരും സജീവമാണ്. ആര് ഭരിച്ചാലും എല്ലാവരും കണക്കാണെന്ന് പറയുന്നവരും കുറവല്ല.  ഇവരുടെ എല്ലാം ശ്രദ്ധയിലേക്കായി ചില കണക്കുകള്‍ തെളിവ് സഹിതം സമര്‍പ്പിക്കുകയാണ്.

2011 – 16 കാലഘട്ടത്തിലെ യു.ഡി.എഫ് ഭരണകാലത്തെ സാമ്പത്തിക വളര്‍ച്ച 4.9 ശതമാനമായിരുന്നു. ഇപ്പോഴത്തെ ഇടതുപക്ഷ ഭരണകാലത്ത് അത് 5.9 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്. ആകെ പെന്‍ഷനായി ഉമ്മന്‍ ചാണ്ടി ഭരണകാലത്ത് നല്‍കിയിരുന്നത് 9,011 കോടിയാണ്. എന്നാല്‍ പിണറായി ഭരണകാലത്ത് അത് 32,034 കോടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പെന്‍ഷന്‍ ഗുണഭോക്താക്കള്‍ 34 ലക്ഷമുണ്ടായിരുന്നത് ഇപ്പോള്‍ 59.5 ലക്ഷമായും ഉയര്‍ന്നിട്ടുണ്ട്. പൊതുവിതരണം ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് കാലത്ത് 5242 കോടിയാണ് ചിലവിട്ടതെങ്കില്‍ ഇടത് ഭരണകാലത്ത് 10,697 കോടിയാണ് ചെലവിട്ടത്.

സി.എം.ഡി.ആര്‍.എഫ് വിതരണത്തിനായി 503 കോടിയുടെ സ്ഥാനത്തിപ്പോള്‍ 1,703 കോടിയാണ് ചിലവഴിച്ചിരിക്കുന്നത്. പൊതുമരാമത്ത് റോഡ് നവീകരണം 7780 കിലോമീറ്ററില്‍ നിന്നും 11,580 കിലോമീറ്ററായും വര്‍ദ്ധിച്ചിട്ടുണ്ട്. കുടിവെള്ള കണക്ഷന്‍ യു.ഡി.എഫ് കാലത്ത് 4.9ലക്ഷമായിരുന്നു. ഇപ്പോഴത് 11.02 ലക്ഷമായാണ് ഉയര്‍ന്നിരിക്കുന്നത്. വൈദ്യുതി ഉല്‍പാദന ശേഷി വര്‍ദ്ധനവ് 88 മെഗാവാട്ടില്‍ല്‍ നിന്ന് 236 മെഗാവാട്ട് ആയും വര്‍ദ്ധിച്ചിട്ടുണ്ട്. പൊതു ആരോഗ്യ സംവിധാന ഉപയോഗമാകട്ടെ 38 ശതമാനത്തില്‍ നിന്നും 48 ശതമാനമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ശിശുമരണ നിരക്ക് 12-ല്‍ നിന്നും 7 ആയി കുറക്കാനും ഈ സര്‍ക്കാറിന്റെ കാലത്ത് സാധിച്ചിട്ടുണ്ട്. പ്രവാസി ക്ഷേമനിധി അംഗത്വം 1.1 ലക്ഷത്തില്‍ നിന്നും 5.06 ലക്ഷമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

 

പ്രവാസി ക്ഷേമത്തിനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 68 കോടി ചിലവിട്ടപ്പോള്‍ പിണറായി സര്‍ക്കാര്‍ 180 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. കുടുംബശ്രീ വായ്പക്കായി 5,717 കോടി കഴിഞ്ഞ സര്‍ക്കാര്‍ മാറ്റിവച്ചപ്പോള്‍ ഇടത് സര്‍ക്കാര്‍ ചിലവിട്ടത് 11,804 കോടിയാണ്. നെല്‍വയല്‍ വിസ്തൃതി 1.7ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍,2.23 ലക്ഷം ഹെക്ടറായി ഉയര്‍ന്നിട്ടുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉല്‍പാദനം 2799 കോടിയില്‍ നിന്ന് 3148 കോടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത ലാഭ നഷ്ടക്കണക്കുകള്‍ പരിശോധിച്ചാലും വേര്‍തിരിവ് പകല്‍ പോലെ വ്യക്തമാണ്. യു.ഡി.എഫ് ഭരണകാലത്ത് 213 കോടിയായിരുന്നു നഷ്ടം. എന്നാല്‍ ഇടത് ഭരണകാലത്ത് 102 കോടിയാണ് ലാഭം. ഇതു തന്നെയാണ് പ്രകടമായ വ്യത്യാസം.

മൈക്രോ സംരഭങ്ങള്‍ കഴിഞ്ഞ ഭരണ കാലത്ത് 82,000 ഉണ്ടായിരുന്നത് ഇപ്പോള്‍ 1.40 ലക്ഷമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ 300-ല്‍ നിന്നും 3900 മായാണ് ഉയര്‍ന്നിരിക്കുന്നത്. പൊതു വിദ്യാലയങ്ങളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 4.9 ലക്ഷം കുട്ടികളുടെ കുറവാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിണറായി സര്‍ക്കാറിന്റെ കാലത്ത് 6.79 ലക്ഷം കുട്ടികളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

 

പട്ടയ വിതരണം കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 1.15 ലക്ഷമായിരുന്നു. ഇപ്പോഴത് 1.64 ലക്ഷമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അക്കമിട്ട് നിരത്തിയാണ് എല്ലാവരും കണക്കാണെന്ന വാദത്തെ ഇടതുപക്ഷം പൊളിച്ചടുക്കി കൊണ്ടിരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാറിന്റെ മറ്റു ജനക്ഷേമ പദ്ധതികളും മഹാമാരികളെയും പ്രകൃതിക്ഷോഭങ്ങളെയും നേരിട്ട ചരിത്രവുമെല്ലാം എണ്ണിയെണ്ണി പറഞ്ഞു തന്നെയാണ് ഈ പ്രതിരോധം. നിയമസഭ തിരഞ്ഞെടുപ്പിലും ജനക്ഷേമ പദ്ധതികള്‍ തന്നെയാണ് ഇടതുപക്ഷത്തിന്റെ പ്രധാന തുറുപ്പ് ചീട്ട്.

തെറ്റായ പ്രചരണങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ പ്രത്യേക സൈബര്‍ സേനയെയും ഇടതുപക്ഷം തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. പ്രതിപക്ഷവും സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ സജീവമാണ്. ഇത്തവണ വലിയ പോരാട്ടം നടക്കാന്‍ പോകുന്നതും സോഷ്യല്‍ മീഡിയകളില്‍ തന്നെയായിരിക്കും. ഭരണ തുടര്‍ച്ച പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുമ്പോള്‍ ഏത് വിധേനയും ഭരണം തിരിച്ചു പിടിക്കുക എന്നത് മാത്രമാണിപ്പോള്‍ യു.ഡി.എഫിന്റെ അജണ്ട. 10 സീറ്റുകളെങ്കിലും ലക്ഷ്യമിട്ട് ബി.ജെ.പിയും രംഗത്തുണ്ട്.

ഇടതുപക്ഷത്തെ പിണറായി നയിക്കുമ്പോള്‍ പ്രതിപക്ഷത്തിന് ഉയര്‍ത്തി കാട്ടാന്‍ അത്തരത്തില്‍ ഒരു നായകനുമില്ലന്നതും ശ്രദ്ധേയമാണ്. ഇതേ ചൊല്ലി കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലഹവും രൂക്ഷമാണ്. ഭരണം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനമാണ് മുസ്ലീംലീഗും നിലവില്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ്സിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ മുസ്ലീംലീഗിന് ലഭിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ്സ് നേതൃത്വത്തിലും ശക്തമാണ്. അങ്ങനെ സംഭവിച്ചാല്‍, അതോടെ കേരളത്തിലും കോണ്‍ഗ്രസ്സിന്റെ കാര്യം തീരുമാനമാകും.

Top