ടോൾ പിരിവ് നിർത്തി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: കേരളത്തിലെ റോഡുകളില്‍ കുഴികള്‍ നിറഞ്ഞ് അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യാത്ര ചെയ്യാന്‍ പ്രത്യേകമായി സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് യാത്രക്കാര്‍ ടോള്‍ നല്‍കുന്നത്. മുഴുവന്‍ കുഴികള്‍ നിറഞ്ഞ സംസ്ഥാനത്ത് റോഡുകളൊന്നും നന്നാക്കാതെ ഇനി ടോള്‍ പിരിക്കാന്‍ പാടില്ലെന്നും ഇക്കാര്യം തൃശ്ശൂര്‍ എറണാകുളം കളക്ടര്‍മാരോട് ആവശ്യപ്പെടുമെന്നും സതീശന്‍ പറഞ്ഞു. അങ്കമാലിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാത അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വിശദീകരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദേശീയ പാതകളില്‍ മാത്രമല്ല കുഴികളുള്ളതെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. നിയമസഭയില്‍ ദേശീയപാതയിലേയും പിഡബ്ല്യുഡി റോഡുകളിലേയും കുഴികളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞപ്പോല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പരിഹസിക്കുകയായിരുന്നു. നിരുത്തരവാദപരമായ സമീപനമാണ് സര്‍ക്കാരിന്റേതെന്നും സതീശന്‍ പറഞ്ഞു

‘അങ്കമാലിയിലെ അപകടമരണം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. ഇതൊരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. കുഴി അടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മഴക്കാലത്തിന് മുമ്പേ ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അത് ഇപ്രാവശ്യം ചെയ്തില്ല. അതുകൊണ്ടാണ് ഇക്കാര്യം നിയമസഭയില്‍ അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. എന്നിട്ടും നടപടിയെടുത്തില്ല. മുമ്പ് കുഴിയടയ്ക്കാനുള്ള ക്രമീകരണം സര്‍ക്കാര്‍ നേരിട്ടു ചെയ്യുമായിരുന്നു. ഇപ്പോള്‍ കരാറുകാരനാണ് അത് ചെയ്യേണ്ടത്. അങ്ങനെ വന്നപ്പോഴുണ്ടായ ഭരണപരമായ വീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. കേരളം മുഴുവന്‍ കുഴികളാണ്. ഇപ്പോള്‍ ഒരാളുടെ ജീവന്‍ പൊലിഞ്ഞു. നിരവധി ആളുകളാണ് അപകടത്തില്‍പ്പെടുന്നത്. ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവുമില്ലാത്ത രീതിയിലാണ് സര്‍ക്കാരിന്റെ പ്രതികരണം’- സതീശന്‍ പറഞ്ഞു.

Top