‘ഇത് സ്റ്റാലിന്റെ റഷ്യ അല്ല, ഇത് ജനാധിപത്യ കേരളമാണ്’; വിഡി സതീശന്‍

തിരുവനന്തപുരം: ഒരു ഉള്ളടക്കവും ഇല്ലാത്ത നയപ്രഖ്യാപനം ആണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വിഡി സതീശന്‍. അത്രയും ലാഘവത്തോടെയാണ് സര്‍ക്കാര്‍ നയപ്രഖ്യാപനം തയ്യാറാക്കിയത്. ഭരണത്തെ അനാഥമാക്കിയാണ് നവ കേരള സദസ് സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ പരിപാടിയാണെന്ന് പറഞ്ഞ് അവിടെ പോയി രാഷ്ട്രീയം പറഞ്ഞു.സര്‍ക്കാറിന്റെ ചെലവില്‍ പോയിട്ടല്ല പ്രതിപക്ഷത്തെ വിമര്‍ശിക്കേണ്ടത്.നവ കേരള സദസില്‍ പങ്കെടുത്ത 70ശതമാനം പേരും ഞങ്ങള്‍ക്ക് വോട്ട് ചെയ്യും. ആളുകളെ വിരട്ടിയാണ് നിങ്ങള്‍ സദസ്സില്‍ എത്തിച്ചത്. നവകേരള സദസിന്റെ ഭാഗമായി കരുതല്‍ തടങ്കല്‍ തുടങ്ങിയത് മുതല്‍ ആണ് കരിങ്കോടി പ്രതിഷേധം തുടങ്ങിയത്.

ജീവന്‍ രക്ഷാപ്രവര്‍ത്തനം എന്ന വാക്ക് ഉപയോഗിച്ചതോടെ മുഖ്യമന്ത്രി വല്ലാതെ ചെറുതായി. പ്രതിഷേധക്കാരെ തല്ലിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു.മുഖ്യമന്ത്രിയുടെ കൂടെ നടക്കുന്നവര്‍ ഈ നാട്ടിലെ നിയമം അനുസരിക്കുന്നില്ല. സ്റ്റേഷനില്‍ വിളിച്ചിട്ട് ഗണ്‍മാന്‍ പോകുന്നില്ല.ഗണ്‍മാന് തല്ലാന്‍ ആരാണ് അധികാരം നല്‍കിയത്? ഇനി ആരാണ് സ്റ്റേഷനില്‍ പോകുക?. രണ്ടാം തവണയും സമയമില്ലെന്ന് പറഞ്ഞ് ഹാജരായില്ല.ഇത് സ്റ്റാലിന്റെ റഷ്യ അല്ല. ഇത് ജനാധിപത്യ കേരളമാണെന്നും വിഡി സതീശന്‍ തുറന്നടിച്ചു.വനം മന്ത്രി വയനാട്ടിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. അവിടെ വന്യമൃഗങ്ങളെ കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. കേരളത്തില്‍ നിന്ന് വിദ്യാര്‍ഥികള്‍ നാട് വിടുകയാണ്. ഇത് ഗൗരവമായി എടുക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ എവിടെയും മരുന്നില്ല. ആശുപത്രിയില്‍ മരുന്നുണ്ട് എന്ന് പറയുന്നത് ആരോഗ്യ മന്ത്രി മാത്രമാണ്.

എല്ലാ രാജകൊട്ടാരങ്ങളിലും വിദൂഷകന്മാര്‍ ഉണ്ടായിട്ടുണ്ട്.അത്തരക്കാരെ തിരിച്ചറിയാനുള്ള കഴിവാണ് ഭരണാധികാരികള്‍ക്ക് വേണ്ടത്.സൂര്യനാണ് ചന്ദ്രനാണ് എന്നൊക്കെ പറഞ്ഞാല്‍ അത് പാടെ വിശ്വസിക്കുകയാണ് മുഖ്യമന്ത്രി. കെ റെയില്‍ വന്നിരുന്നു എങ്കില്‍ ഐടി രംഗം കുതിച്ചു ഉയരും. കര്‍ണാടക ഐടി തകരും അതുകൊണ്ട് അവിടത്തെ കമ്പനികള്‍ എന്നെ കൂട്ടു പിടിച്ചു എന്നാണ് പിവി അന്‍വറിന്റെ ആരോപണം. ഇതില്‍ ചിരിക്കണോ കരയണമെന്നോ അറിയില്ല.ആരോപണമുന്നയിച്ച ആളെ കുറിച്ച് ഒന്നും പറയുന്നില്ല. ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.മുഖ്യമന്ത്രി സഭാ നേതാവ് അല്ലേ? മുഖ്യമന്ത്രിയോട് സഹതാപം തോന്നുകയാണെന്നും വിഡി സതീശന്‍ പരിഹസിച്ചു. മാസപ്പടി വിവാദവും ആര്‍ഒസി റിപ്പോര്‍ട്ടും പ്രതിപക്ഷ നേതാവ് പ്രസംഗത്തിനിടെ പരാമര്‍ശിച്ചു.ആദായ നികുതി ഇന്‍ട്രീം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവ് വന്നപ്പോള്‍ വീണയെ കേട്ടില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. അവസരം കൊടുത്തിട്ടും വീണയുടെ കമ്പനിക്ക് മറുപടി പറയാന്‍ ആയില്ല എന്നാണ് ആര്‍ഒസിയുടെ കണ്ടെത്തല്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിയമപരമല്ലാത്ത ഇടപാടുകള്‍ ആണ് നടന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

Top