കോണ്‍ഗ്രസ് നേതാവ് എം.എം.ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് നേതാക്കള്‍

udf

തിരുവനന്തപുരം : അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം.ജേക്കബിന്റെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചനം അറിയിച്ചു. രാഷ്ട്രത്തിനും കോണ്‍ഗ്രസിനും എം.എംജേക്കബ് നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതും എന്നെന്നും സ്മരിക്കപ്പെടുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ദേശീയ രാഷ്ട്രീയത്തിന് കേരളം നല്‍കിയ വലിയ സംഭാവനയാണ് എം.എം.ജേക്കബ് എന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഗവര്‍ണര്‍, കേന്ദ്രമന്ത്രി, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ തുടങ്ങിയ സുപ്രധാന പദവികളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണു കാഴ്ചവച്ചത്. മികച്ച പാര്‍ലമെന്റേറിയനായും ഭരണാധികാരിയായും പേരെടുത്തു. എം.എം.ജേക്കബിനോടുള്ള ആദരസൂചകമായി കെ.പി.സി.സി രണ്ടു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ രണ്ടു ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായും ഹസന്‍ അറിയിച്ചു.

പൊതുകാര്യങ്ങളിലായാലും രാഷ്ട്രീയ കാര്യങ്ങളിലായാലും മുഖം നോക്കാതെ അഭിപ്രായം പറയുന്ന വ്യക്തിയായിരുന്നു എം.എം.ജേക്കബെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. കേന്ദ്ര മന്ത്രി, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം, ദീര്‍ഘകാലം ഗവര്‍ണര്‍ തുടങ്ങിയ പദവികളില്‍ അദ്ദേഹം സ്തുത്യര്‍ഹമായി സേവനം ചെയ്തു. അഴിമതിയാരോപണങ്ങള്‍ക്കൊന്നും വിധായനായിട്ടില്ലാത്ത ജേക്കബിന്റെ നിര്യാണം സമൂഹത്തിന് വലിയ നഷ്ടമാണെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

Top