കോണ്‍ഗ്രസില്‍ ഐക്യം ഉറപ്പാക്കണമാണെന്നും എല്ലാവരെയും പരിഗണിക്കാന്‍ നേതൃത്വത്തിനു കഴിയണമെന്ന് രമേശ് ചെന്നിത്തല. പണ്ട് താനും ഉമ്മന്‍ ചാണ്ടിയും എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകാന്‍ ശ്രമിച്ചു. ഇക്കാര്യം താന്‍ കെ സുധാകരനോടും വിഡി സതീശാനോടും പറഞ്ഞിട്ടുണ്ട്. ചെറിയ നേതാക്കള്‍ വലിയ നേതാക്കള്‍ എന്നത് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇനി ചര്‍ച്ച ഡല്‍ഹിയില്‍ ചേരും. സ്‌ക്രീനിങ് കമ്മിറ്റി യോഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പങ്കെടുത്ത അടിയന്തര യോഗവും പൂര്‍ത്തിയായതോടെ നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിക്കും. ഇതിന്റെ ഭാഗമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ വൈകാതെ ഡല്‍ഹിയിലെത്തും.
കെസി മത്സരിച്ചാല്‍ ആലപ്പുഴ ജയിക്കും എന്നും ചെന്നിത്തല പറഞ്ഞു. ബിജെപി കേരളത്തില്‍ അക്കൗണ്ടു തുറക്കില്ല. മോദി വരുന്നതിന് അനുസരിച്ചു യുഡിഎഫിന് വോട്ട് കൂടുമെന്നും മോദിക്ക് മൂന്നാം ഭരണം ഉണ്ടാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.