‘കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചു’: കെ എസ് ഹംസയെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും മാറ്റി ലീഗ്

തിരുവനന്തപുരം: മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തിയ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും മാറ്റി. പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് ഹംസയെ നീക്കിയത്. സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ ഇടപെട്ടാണ് കെഎസ് ഹംസയ്ക്കെതിരെ നടപടിയെടുത്തത്.

പാർട്ടിക്കകത്തെ നടപടിയാണ് ഇപ്പോൾ വന്നിരിക്കുന്നത്, നടപടിയോട് പ്രതികരിക്കാനില്ലെന്ന് കെഎസ് ഹംസ പറഞ്ഞു. പരസ്യ പ്രതികരണത്തിനില്ലെന്നും ഹംസ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചിതിനല്ല, യോഗത്തിൽ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചർച്ചയായത് എന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതാണ് നടപടിയിലേക്ക് നയിച്ചത് എന്നാണ് ലീഗ് കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.

അതേസമയം കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശയായാണ് തോന്നുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. ലീഗ് ജനാധിപത്യ പാർട്ടിയാണ്. ചർച്ചകളെ അടിച്ചമർത്താറില്ല .അഭിപ്രായപ്രകടങ്ങൾ പ്രവർത്തകസമിതി യോഗത്തിലുണ്ടായി.എന്നാൽ വ്യക്തിപരമായ വിമർശനങ്ങൾ ഉണ്ടായില്ല. കുഞ്ഞാലിക്കുട്ടി രാജി ഭീഷണി മുഴക്കിയെന്നത് നൂറ്റാണ്ടിലെ വലിയ തമാശയായാണ് തോന്നുന്നതെന്നും ലീഗ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.

Top