ലോക്സഭ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനായി നിലപാട് കടുപ്പിക്കുമെന്ന മുസ്ലിം ലീഗ് പ്രസ്താവനയില്‍ അമ്പരന്ന് കോണ്‍ഗ്രസ്. നിലവിലെ സ്ഥിതിയില്‍ ലീഗിന് മൂന്നാമതൊരു ലോക്സഭ സീറ്റ് നല്‍കിയാല്‍ മുന്നണിക്ക് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് കെപിസിസി. ജൂണ്‍ മാസത്തില്‍ നടക്കാനിരിക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിലെ വിജയസാധ്യതയുളള സീറ്റിനായുളള വിലപേശല്‍ തന്ത്രമാണ് ലീഗ് നടത്തുന്നതെന്ന സംശയവും കോണ്‍ഗ്രസിനുണ്ട്. മുന്നണിയിലെ സീറ്റു വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കി നേരത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് നീങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഉള്ളിലേക്ക് തീ കോരിയിട്ടു കൊണ്ട് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മൂന്നാം സീറ്റാവശ്യം എത്തിയത്. കഴിഞ്ഞ തവണയും അതിനു മുമ്പത്തെ തവണയും ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് മൂന്നാം സീറ്റ് ആവശ്യം ലീഗ് മുന്നോട്ട് വച്ചിരുന്നെങ്കിലും അവസാനം പിന്‍വാങ്ങുന്നതായിരുന്നു പതിവ്.
എന്നാല്‍, കുഞ്ഞാലിക്കുട്ടിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിലെ കാര്‍ക്കശ്യത്തിന്‍റെ സ്വരം സീറ്റ് വിഭജനത്തില്‍ അലോസരമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. ലീഗിന് മൂന്നാം സീറ്റു കൊടുത്താല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വെട്ടിലാക്കിയ അഞ്ചാം മന്ത്രി വിവാദത്തിനു സമാനമായ സാഹചര്യം ഇപ്പോഴത്തെ സാമൂഹ്യ അന്തരീക്ഷത്തില്‍ രൂപപ്പെടുമെന്ന് കോണ്‍ഗ്രസിന് പേടിയുണ്ട്. അതു ബോധ്യപ്പെടുത്തി ലീഗിനെ സീറ്റാവശ്യത്തില്‍ നിന്ന് പിന്തിരിപ്പിക്കാനാകും അടുത്ത ഉഭയകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് ശ്രമിക്കുക. എന്നാല്‍ വരുന്ന ജൂണില്‍ കേരളത്തിൽ 3 രാജ്യസഭ സീറ്റുകള്‍ ഒഴിവു വരുന്നുണ്ട്. ഇപ്പോഴത്തെ നിലയില്‍ അതിലൊന്നില്‍ യുഡിഎഫിന് ജയം ഉറപ്പാണ്. ലോക്സഭ സീറ്റിന്‍റെ പേരില്‍ ലീഗ് നടത്തുന്ന വിലപേശല്‍ ഈ രാജ്യസഭ സീറ്റ് ലക്ഷ്യമിട്ടാണെന്ന വിലയിരുത്തലും കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ പങ്കുവയ്ക്കുന്നു.
കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളുമായി ചേര്‍ത്തു വച്ചും ലീഗിന്‍റെ മൂന്നാം സീറ്റാവശ്യത്തെ കുറിച്ചുളള രാഷ്ട്രീയ വായന നടക്കുന്നുണ്ട്. കെ.സുധാകരന്‍ മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കണ്ണൂര്‍ സീറ്റ് ലക്ഷ്യമിട്ട് ലീഗ് നീക്കങ്ങള്‍ ശക്തമാക്കിയത്. സുധാകരനെ മത്സര രംഗത്തിറക്കാന്‍ കോണ്‍ഗ്രസിലെ മറുചേരി ലീഗിനെ കൂട്ടുപിടിച്ച് നടത്തുന്ന സമ്മര്‍ദമാണോ പൊടുന്നനെയുളള നിലപാട് കടുപ്പിക്കലെന്ന് സംശയിക്കുന്നവരും ഏറെയുണ്ട് പാര്‍ട്ടിയില്‍.