താനൂര്‍ : ആര്‍എസ്എസ് സംഘടിപ്പിച്ച ഓണാഘോഷം മുസ്ലിംലീഗ് നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു.
നന്നമ്പ്ര വെള്ളിയാമ്പുറത്തെ ഓണാഘോഷമാണ് നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റും ലീഗ് പഞ്ചായത്ത് കമ്മിറ്റി അംഗവുമായ എം പി മുഹമ്മദ്ഹസന്‍ ഉദ്ഘാടനം ചെയ്തത്.
ആഘോഷത്തിനിടയില്‍ ബിജെപി നേതാവായ രാജാമണിക്ക് മുഹമ്മദ്ഹസന്‍ ലഡു നല്‍കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ലീഗ് അണികളില്‍നിന്നുയരുന്നത്.
കൊടിഞ്ഞി ഫൈസല്‍വധത്തിന്റെ ഗൂഢാലോചനാ കേന്ദ്രമെന്ന ആരോപണമുള്ള നന്നമ്പ്ര വിദ്യാനികേതന്‍ സ്‌കൂള്‍ പ്രസിഡന്റാണ് രാജാമണി.
തിരുവോണദിനം വെള്ളിയാമ്പുറം അമ്പലപ്പടിയിലെ ആര്‍എസ്എസ് ശാഖയോട് ചേര്‍ന്നായിരുന്നു ഓണാഘോഷ പരിപാടികള്‍ നടന്നത്.
ഉദ്ഘാടനശേഷം നടന്ന മത്സരങ്ങളിലും മുസ്‌ളിംലീഗ് നേതാവ് പങ്കെടുത്തു.
എന്നാല്‍ താന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് മുഹമ്മദ്ഹസന്റെ നിലപാട്.
വെള്ളിയാമ്പുറം ബോയ്‌സ് ക്ലബ് ഭാരവാഹികള്‍ അവരുടെ ഓണാഘോഷ പരിപാടിക്ക് ക്ഷണിച്ചിരുന്നു. അതില്‍ ആര്‍എസ്എസുകാര്‍ പങ്കെടുത്തോയെന്ന് ശ്രദ്ധിച്ചില്ലെന്നും മുഹമ്മദ്ഹസന്‍ പറഞ്ഞു.