തീവ്ര ഹിന്ദുത്വത്തെ മതനിരപേക്ഷത കൊണ്ടു പ്രതിരോധിച്ച കർണാടക മോഡൽ പാഠമാക്കണമെന്ന് ലീഗ്

തൃശൂർ : ബിജെപിയുടെ തീവ്ര ഹിന്ദുത്വത്തെ മതനിരപേക്ഷത കൊണ്ടു പ്രതിരോധിച്ച കർണാടകയെ പാഠമായി എടുക്കണമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗ് സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 200 പ്രതിനിധികൾ പങ്കെടുക്കുന്ന നേതൃ ക്യാംപ് ഇന്നു സമാപിക്കും.

അക്രമവും തെരുവിലെ പോരാട്ടവുമില്ലാതെയാണു 75 വർഷമായി ന്യൂനപക്ഷത്തിനു വേണ്ടി മുസ്‌ലിം ലീഗ് സംസാരിച്ചിട്ടുള്ളത്. രാജ്യത്തു തിരുത്തൽ ശക്തിയായി ഉയർന്നുവന്ന ജനതാ പാർട്ടിയടക്കമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും തകരുകയോ പലതായി പിരിയുകയോ ചെയ്തപ്പോഴും 75 വർഷമായി ലീഗ് ഇളക്കമില്ലാതെ തുടരുകയാണ്. ഇന്ത്യയിലെ രാഷട്രീയ സാഹചര്യത്തിൽ അതു വലിയ നേട്ടമാണ്.ലീഗിനെ തള്ളിപ്പറയാനോ ഒഴിവാക്കാനോ രാഷ്ട്രീയ നേതൃത്വങ്ങൾക്കു പറ്റാത്ത സ്ഥിതി ഉണ്ടായിരിക്കുന്നു. ഈ സാഹചര്യത്തിലാണു കൂടുതൽ ശക്തിപ്പെടുത്താനായി എല്ലാവരും ഒരുമിച്ചിരിക്കുന്നത്. ഏറെക്കാലമായി ഇതിനായി പാർട്ടി ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാന ഭാരവാഹികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾ, ക്ഷണിതാക്കൾ, ജില്ലാ ഭാരവാഹികൾ, സംസ്ഥാനത്തു നിന്നുള്ള ദേശീയ ഭാരവാഹികൾ തുടങ്ങി ഇരുനൂറോളം പേരാണു ക്യാംപിൽ പങ്കെടുക്കുന്നത്. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിലാണ് ക്യാംപ്. 10നു ചേരുന്ന യുഡിഎഫ് യോഗത്തിൽ യോഗ തീരുമാനങ്ങൾ അവതരിപ്പിക്കും. കോ–ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസുമായി ബന്ധപ്പെട്ട് ലീഗും സമസ്തയും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസവും കാന്തപുരം എ.പി.അബൂബക്കർ മുസ‌ല്യാരുടെ പരാമർശത്തിനു പിന്നാലെ ഉയർന്നു വന്ന സുന്നി ഐക്യ ചർച്ചകളും ചർച്ചയി‍ൽ പരിഗണിക്കുന്നുണ്ട്.

പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം, സംഘടനാ സംവിധാനത്തിലെ സമന്വയവും തിരുത്തലും മെച്ചപ്പെടുത്തലും, ഏക വ്യക്തി നിയമമടക്കമുള്ള രാഷ്ട്രീയ പ്രശ്നങ്ങളിലെ നിലപാട്.എന്നീ മൂന്നു കാര്യങ്ങളാണു സംസ്ഥാന നേതൃക്യാംപ് ചർച്ച ചെയ്യുന്നത്. സംഘടനാ സംവിധാനം മെച്ചപ്പെടുത്തുന്നതിലെ പ്രധാന ഭാഗങ്ങളിലൊന്നു തെക്കൻ ജില്ലകളിൽ പാർട്ടി സംവിധാനം മെച്ചപ്പെടുത്തലാണ്.ദേശീയ, സംസ്ഥാന തലത്തിൽ ലീഗിന്റെ സാന്നിധ്യം കൂടുതൽ പ്രകടമാക്കുന്നതും പരിഗണനയിലുണ്ട്.

അതേസമയം ചെറുപ്പത്തിനു പ്രാധാന്യം നൽകിയാണ് ഇത്തവണ മുസ്‍ലിം ലീഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാംപ്. പാർട്ടിയുടെ ഭാവി പരിപാടികളും പാർലമെന്റ് തിരഞ്ഞെടുപ്പും അടക്കം ചർച്ച ചെയ്യാൻ ചെറുതുരുത്തിയിൽ വിളിച്ചു ചേർത്ത ക്യാംപിൽ ഇക്കുറി കൂടുതൽ ചെറുപ്പക്കാർക്കു പ്രാതിനിധ്യം നൽകിയിട്ടുണ്ട്. സാധാരണയായി ഇത്തരം ക്യാംപുകളിൽ പാർട്ടി ജില്ലാ ഭാരവാഹികൾക്കു പുറമേ പോഷക സംഘടനകളുടെ ഭാരവാഹികളെ മാത്രമാണു പങ്കെടുപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണത്തെ ക്യാംപിൽ യൂത്ത് ലീഗ്, എംഎസ്എഫ് എന്നിവയിൽ നിന്നു ഭാരവാഹികൾക്കു പുറമേ കൂടുതൽ പേരെ ഉൾപ്പെടുത്തി.
ദേശീയ, സംസ്ഥാന കമ്മിറ്റികളിൽ പ്രവർത്തിക്കുന്നവരെയാണു ക്യാംപിൽ പങ്കെടുപ്പിക്കുന്നത്. പാർട്ടിയുടെ തുടർപ്രവർത്തനങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകുക, പുതിയ കാലത്തെ ആശയങ്ങളും പ്രവർത്തന രീതികളും ഉൾപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണു ചെറുപ്പക്കാർക്കു പ്രാതിനിധ്യം വർധിപ്പിച്ചിരിക്കുന്നത്.

Top