ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യത്തില്‍ മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചതോടെ യുഡിഎഫ് സീറ്റ് വിഭജനം പ്രതിസന്ധിയിലായി. ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ആശയ വിനിമയം നടത്തി. ലീഗ് നിലപാട് മയപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
മൂന്നാം സീറ്റില്‍ വിട്ടുവീഴ്ച്ച വേണ്ടെന്നാണ് മുസ്ലിം ലീഗ് തീരുമാനം. കൂടുതല്‍ സീറ്റ് ആവശ്യം നിരാകരിച്ച കോണ്‍ഗ്രസ് നിലപാടില്‍ ലീഗിന് അമര്‍ഷമുണ്ട്. ഇത്തവണ കോണ്‍ഗ്രസ്സ് സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന വികാരമാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉണ്ടായത്. മൂന്നാം സീറ്റ് ഇല്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്ന നിര്‍ദ്ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു. വയനാട്, കണ്ണൂര്‍ സീറ്റുകളിലാണ് ലീഗ് കണ്ണുവെച്ചത്.. ഈ സീറ്റുകളില്‍ ഒന്ന് വേണമെന്നാണ് ആവശ്യം. യോഗ തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കാന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെ യോഗം ചുമതലപ്പെടുത്തി.
അതിനിടെ പി കെ കുഞ്ഞാലിക്കുട്ടിയുമായി പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തി. മൂന്നാം സീറ്റ് നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കോണ്‍ഗ്രസ്സ് നേരത്തെ ലീഗിനെ അറിയിച്ചിട്ടുണ്ട്. നിര്‍ണായക തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റ് നേടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. 16 സീറ്റിലും മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ലീഗ് നിലപാട് മയപ്പെടുത്തുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ്സിനുള്ളത്.
അതേസമയം കേരളാ കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിന് കോട്ടയവും ആര്‍എസ്പിക്ക് കൊല്ലവും നല്‍കാന്‍ നേരത്തെ ധാരണയായിട്ടുണ്ട്.. ഒദ്യോഗിക പ്രഖ്യാപനം യുഡിഎഫ് ഏകോപന സമിതിയില്‍ ഉണ്ടാകും. ഇന്നലെ നടത്താനിരുന്ന യോഗം നിയമസഭാ നടപടികള്‍ വൈകിയതോടെയാണ് മാറ്റിയത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ആശയ കുഴപ്പമില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ഉടന്‍ യോഗം ചേര്‍ന്ന് സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു.