ലീഗ്‌സ് കപ്പ് സെമി ഫൈനല്‍; മെസിയുടെ നേതൃത്വത്തില്‍ ഇന്റര്‍ മയാമി വെള്ളിയാഴ്ച ഇറങ്ങും

ലീഗ്‌സ് കപ്പ് സെമി ഫൈനല്‍ ലക്ഷ്യമിട്ട് മെസിയുടെ നേതൃത്വത്തില്‍ ഇന്റര്‍ മയാമി വെള്ളിയാഴ്ച ഇറങ്ങും. എംഎല്‍എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സ് ടീമായ ഷാര്‍ലറ്റ് എഫ്‌സിയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്റര്‍ മയാമിയുടെ എതിരാളികള്‍. എംഎല്‍എസ് ടേബിളില്‍ 12 ആം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് ഷാര്‍ലറ്റ് എഫ്‌സി.

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഫോമില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഇന്റര്‍ മയാമി ക്വാര്‍ട്ടറില്‍ ഷാര്‍ലറ്റ് എഫ്‌സിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. റൗണ്ട് ഓഫ് 16ല്‍ അമേരിക്കന്‍ ടീം ഡാലസ് എഫ്‌സിയെ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ വീഴ്ത്തിയാണ് മെസിയുടെ ടീം ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നിശ്ചിത സമയത്ത് മത്സരം 4-4ന് തുല്യത പാലിക്കുകയായിരുന്നു.

ഇന്റര്‍ മയാമിയുടെ നാല് ഗോളുകളിലും ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ പങ്കാളിത്തമുണ്ടായിരുന്നു. 85 ആം മിനിറ്റില്‍ ഇന്റര്‍ മയാമിക്ക് സമനില നേടി കൊടുത്ത ഫ്രീ കിക്ക് ഗോള്‍ ഉള്‍പ്പെടെ രണ്ട് തവണ മെസി സ്‌കോര്‍ ചെയ്തു. മെസി വന്നതിന് ശേഷം ഇന്റര്‍ മയാമി തോല്‍വി അറിഞ്ഞിട്ടില്ല. ലീഗ്‌സ് കപ്പില്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും മയാമി ജയിച്ചിരുന്നു. 4 മത്സരങ്ങളില്‍ നിന്ന് 7 ഗോളുകള്‍ നേടിയ മെസി ഇപ്പോള്‍ തന്നെ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ടോപ്പ് സ്‌കോററായി മാറിയിരിക്കുകയാണ്.

Top