കോഴിക്കോട്: മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റില്‍ പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം സ്വീകരിച്ച രണ്ടായിരത്തിലേറെ പേരുടെ വ്യക്തിവിവരങ്ങള്‍ പരസ്യമായി. പേര്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി. കോഡ് ഉള്‍പ്പടെയുള്ളവയാണ് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും വിധം ഓണ്‍ലൈനില്‍ ലഭ്യമായിട്ടുള്ളത്. പെരിന്തല്‍മണ്ണ താലൂക്കില്‍ 2019-ലെ പ്രളയ ദുരിതാശ്വാസ ധനസഹായം സ്വീകരിച്ച ആളുകളുടെ പട്ടികയാണ് ഓണ്‍ലൈനിലുള്ളത്.
ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്. കോഡും മൊബൈല്‍ നമ്പറും ഇതില്‍ ഉണ്ടെന്നിരിക്കെ സാമ്പത്തിക തട്ടിപ്പുകള്‍ക്കുള്‍പ്പടെ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ബാങ്കിങ് തട്ടിപ്പുകള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സമയത്താണ് ഒരു സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്നുതന്നെ സുപ്രധാന വ്യക്തിവിവരങ്ങള്‍ ചോരുന്നത്.