Leaked audio of mathrubhumi journalist leby sajeendran

കൊച്ചി: മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകനുമായ പി വി ശ്രീനിജനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മാതൃഭൂമി ലേഖികയും കുന്നത്തുനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സജീന്ദ്രന്റെ ഭാര്യയുമായ ലേബി സജീന്ദ്രന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച ഓഡിയോ സംഭാഷണത്തിന് പിന്നില്‍ ശ്രീനിജനാണെന്നാരോപിച്ച് ലേബി രംഗത്ത് വന്നതും നേരത്തെ ശ്രീനിജനെതിരായ അഴിമതിയാരോപണം വാര്‍ത്തയായതിന് പിന്നില്‍ താനാണെന്നാരോപിച്ചാണ് വേട്ടയാടുന്നതെന്ന ലേബിയുടെ ആരോപണവുമാണ് പ്രതിഷേധത്തിന് കാരണം.

ഇതുസംബന്ധമായി അവരിട്ട ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. തന്റെ വാക്കുകള്‍ അടര്‍ത്തിമാറ്റി തന്ത്രപൂര്‍വ്വം കെട്ടിച്ചമച്ചതാണ് ‘വിവാദ’ സംഭാഷണമെന്നാണ് അവരുടെ ആരോപണം.ഇതിനെതിരെ ലേബി സൈബര്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ ഫേസ്ബുക്ക് പോസ്റ്റില്‍ ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ മരുമകന്‍ തന്നെ ചതിച്ച് തോല്‍പ്പിക്കുകയായിരുന്നുവെന്നാണ് ലേബി ആരോപിക്കുന്നത്.

(ലേബി സജീന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ…)

“ശ്രീനിജന്‍… എന്നെ നിങ്ങള്‍ ചതിച്ച് തോല്‍പ്പിച്ചു. നിങ്ങള്‍ക്കും രണ്ടു മക്കളാണ് ,എനിയ്ക്കും. എന്റെ രണ്ടു പൊന്നുമക്കളും സത്യം ഏഷ്യാനെറ്റില്‍ 5 വര്‍ഷം മുമ്പ് വന്ന വാര്‍ത്തയ്ക്ക് പിന്നില്‍ എന്റെ പ്രേരണ ഇല്ല. നിങ്ങള്‍ തെറ്റിദ്ധാരണയുടെ പുറത്താണ് എന്നോട് ഈ ക്രൂരത മുഴുവന്‍ കാണിക്കുന്നത്. പ്രിയ സോണി… നിങ്ങള്‍ ഒരു അമ്മയല്ലേ… ഭാര്യയല്ലേ.. നിങ്ങള്‍ അറിയുന്നുണ്ടോ നിങ്ങളുടെ ഭര്‍ത്താവിന്റെ വൈരാഗ്യ ബുദ്ധി ഒരു കുടുംബം പൂര്‍ണമായി തകര്‍ത്തെറിഞ്ഞു എന്നത്..”

(ലേബിയുടെ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്…)

“ബെന്നിച്ചേട്ടന്‍…വാഴക്കന്‍ സാര്‍ ..രാജന്‍ ചേട്ടന്‍ ..കാരിപ്ര ചേട്ടന്‍.. നിബു ചേട്ടന്‍…. എം.എസ് എബ്രാഹം സാര്‍.. ജബ്ബാര്‍ ഇക്ക.. ജോയ് സാര്‍ … ജയന്‍… സക്കീറിക്ക… നിങ്ങളെല്ലാവരും.. ശ്രീനിജനുമായി കാണുണ്ടെന്ന് അയാള്‍ എന്നെ വിശ്വസിപ്പിച്ചു. ഞാന്‍ പല ദിവസങ്ങളിലായി പല വിഷയങ്ങളില്‍ സംസാരിച്ചതാണ് വാക്കുകളും വാചകങ്ങളും അടര്‍ത്തിയെടുത്ത് ചോദ്യങ്ങള്‍ ഉണ്ടാക്കി കൃത്രിമമായി തയ്യാറാക്കിയിരിക്കുന്നത്. സമാദരണീയനായ ശ്രീ.ടി.എച്ച് മുസ്തഫ യ്‌ക്കെതിരെ ഞാന്‍ മനസുകൊണ്ടു പോലും മോശം വിചാരിച്ചിട്ടില്ല. ഈ ഫാബ്രിക്കേറ്റഡ് ശബ്ദ രേഖ ഉപയോഗിച്ച് എന്തിനാ ഫൈസല്‍..ജിബീ… ഇങ്ങനെ വാര്‍ത്ത കൊടുത്തത്? ഞാന്‍ എന്റെ മാധ്യമ പ്രവര്‍ത്തനം ഇവിടെ അവസാനിപ്പിക്കുകയാണ്. ഇനി തൊഴില്‍ ചെയ്യാന്‍ ഞാന്‍ യോഗ്യയല്ല. പ്രിയ ബിജു…. പങ്കജ് എന്നു വിളിക്കുന്ന ഒരാളാണ് ശ്രീനിജനെ എനിക്കെതിരെ തെറ്റിദ്ധരിപ്പിച്ചതെന്ന് അയാള്‍ എന്നെ വിശ്വസിപ്പിച്ചു. നിങ്ങളെപ്പോലെ ഔന്നത്യമുള്ള ഒരു മാധ്യമ പ്രവര്‍ത്തകനെ തെറ്റിദ്ധരിച്ചതില്‍ എന്നോടു പൊറുക്കുക. നിങ്ങളുടെ കീഴില്‍ ജോലി ചെയ്ത കാലമാണ് ഞാന്‍ ഏറ്റവും ക്രിയേറ്റീവ് ആയത്. ബെന്നിച്ചേട്ടന്‍.. വാഴയ്ക്കന്‍ സാര്‍.. ടി. എച്ച് സാര്‍ ..എന്നോടു തോന്നുന്ന നീരസം സജീന്ദ്ര നോട് ഉണ്ടാവരുതേ…ഒരു പാവമാണ്. ഇതൊന്നും ആ പാവം അറിഞ്ഞിട്ടില്ല..”

ലേബിയുടെ ഈ രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇപ്പോള്‍ മാധ്യമരംഗത്തും രാഷ്ട്രീയ രംഗത്തും വലിയ ചര്‍ച്ചയായിരിക്കുന്നത്.

ലേബിക്കെതിരായി ഓഡിയോ ക്ലിപ്പ് പ്രചരിച്ചതും പിന്നീടവര്‍ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതുമെല്ലാം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ഇടതുപക്ഷം.

കുന്നത്തുനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ശ്രീനിജന്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇടതുപാളയത്തിലേക്ക് ചാടുകയായിരുന്നു. കുന്നത്തുനാട്ടില്‍ ശ്രീനിജന്‍ ഇടത് സ്ഥാനാര്‍ത്ഥിയായി വരാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും സിപിഎം അണികളുടെ ശക്തമായ പ്രതിഷേധം മൂലം ആ നീക്കം പരാജയപ്പെട്ടു. ഇതോടെ ഇടത് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ ശ്രീനിജന്റെ ഒറ്റലക്ഷ്യം സജീന്ദ്രനെ ഏതുവിധേനയും തോല്‍പ്പിക്കുക എന്നതുമാത്രമായിരുന്നു.

തിരഞ്ഞെടുപ്പ് സമയമായതിനാല്‍ മാത്രം ശ്രീനിജന്റെ ഇടപെടലില്‍ നീരസമുള്ള ഇടത് അണികളും പ്രാദേശിക നേതാക്കളും പരസ്യമായി പ്രതികരിച്ചിരുന്നില്ല.

എന്നാല്‍ മാതൃഭൂമി ലേഖിക തന്നെ ശ്രീനിജനെ പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തില്‍ ഇടതുമുന്നണിക്കകത്തും ചില ആശങ്കകളുയര്‍ന്നിട്ടുണ്ട്.

ശ്രീനിജനെതിരായ മുന്‍പ് ഇടതുപക്ഷം തന്നെ ഉന്നയിച്ച ഗുരുതരമായ അഴിമതിയാരോപണങ്ങള്‍ ഇപ്പോള്‍ ഇടതുപക്ഷത്തിനെ തിരിഞ്ഞ് കുത്താനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും മുന്നില്‍ കാണുന്നുണ്ട്.

2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്. സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലപ്രകാരം ശ്രീനിജന് സ്വന്തംപേരില്‍ ഒരു തുണ്ടു ഭൂമിപോലും ഇല്ലായിരുന്നു. 25,000 രൂപ മാത്രമായിരുന്നു ശ്രീനിജന്റെ സമ്പാദ്യം. ഭാര്യ കെബി സോണിയുടെ പേരില്‍ തിരുവാങ്കുളത്ത് 29 സെന്റ് മാത്രമാണ് ഉണ്ടായിരുന്നത്. സോണിയുടെ പക്കല്‍ 1,20,000 രൂപ ഉള്ളതായും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

പിന്നീട് മൂന്നു കൊല്ലത്തിനുശേഷം 2009ല്‍ ആദായനികുതി വകുപ്പിനു നല്‍കിയ രേഖ പ്രകാരം ശ്രീനിജന് 25 ലക്ഷം രൂപയുടെയും ഭാര്യ സോണിക്ക് 15 ലക്ഷം രൂപയുടെയും വരുമാനമുണ്ടെന്ന് കാണിച്ചിരുന്നു. അഭിഭാഷകവൃത്തി മാത്രമാണ് തങ്ങളുടെ വരുമാനമാര്‍ഗ്ഗമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ 2010 പിന്നിടുമ്പോള്‍ ശ്രീനിജനും ഭാര്യയും ചേര്‍ന്നു കോടികള്‍ വിലമതിക്കുന്ന ഒട്ടേറെ സ്ഥലങ്ങളും ഫ്‌ളാറ്റുകളും സ്വന്തമാക്കിയതായാണ് ആരോപണം ഉയര്‍ന്നത്.

തൃശൂരിലെ അന്നമനടയില്‍ പുഴയോരം ഉള്‍പ്പെടുന്ന രണ്ടര ഏക്കറിലെ നിര്‍മാണം പുരോഗമിയ്ക്കുന്ന ആഡംബര റിസോര്‍ട്ട്, കൊച്ചി നഗരത്തില്‍ അമ്മയുടെ പേരില്‍ ശ്രീനിജന്‍ വാങ്ങിയ ഭൂമി, വക്കീല്‍ ഓഫീസിനുള്ള കെട്ടിടം, അരക്കോടി വിലവരുന്ന ഫ്‌ളാറ്റ്, പലയിടത്തമുള്ള ഭൂമി തുടങ്ങിയവയാണ് ശ്രീനിജനും ഭാര്യയും ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വന്തമാക്കിയതെന്നാണ് ആക്ഷേപം ഉയര്‍ന്നിരുന്നത്. പലതും രജിസ്റ്റര്‍ ചെയ്തത് ആധാരത്തില്‍ വിലകുറച്ചാണത്രെ.

2006ലെ തിരഞ്ഞെടുപ്പില്‍ ശ്രീനിജന്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി വൈപ്പിന്‍ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട്ടില്‍ കോണ്‍ഗ്രസ് സീറ്റ് ഉറപ്പിച്ചിരിക്കുമ്പോഴാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പെട്ടത്.

ശ്രീനിജന്‍ ചാലക്കുടി പുഴയോരം കൈയേറി കരിങ്കല്‍ ഭിത്തിയും പുല്‍ത്തകിടിയും പടവുകളും നിര്‍മിച്ചതായും റവന്യൂ, പഞ്ചായത്ത്, ജലവിഭവ വകുപ്പുകളുടെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ട് ഇരിങ്ങാലക്കുട ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ചാലക്കുടി പുഴയോരത്തെ ഒരേക്കറോളം പുറമ്പോക്ക് ഭൂമി കൈയേറിയെന്ന് കാണിച്ച് മലയാളവേദി സംസ്ഥാന പ്രസിഡണ്ട് ജോര്‍ജ് വട്ടുകുളം 2011ല്‍ ചാലക്കുടി കോടതിയില്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം.

പരാതിയുടെ അന്വേഷണത്തിനിടെ വില്ലേജ് ഓഫിസര്‍, ജലവിഭവ വകുപ്പ് അഡീഷനല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിലും മൊഴിയിലുമാണ് കൈയേറ്റം സ്ഥിരീകരിച്ചത്. പുഴയോരത്ത് നടത്തിയ പരിശോധനയില്‍ കരിങ്കല്‍ ഭിത്തി കെട്ടി പുല്‍ത്തകിടിയും പ്‌ളാറ്റ്‌ഫോമും പടവുകളും നിര്‍മിച്ചതായി കണ്ടെന്നും അതിനൊന്നും അനുമതിയില്ലെന്നുമാണ് ജലവിഭവ വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. പുഴയില്‍ നിന്ന് പട്ടയഭൂമിയുടെ അതിര്‍ത്തി വരെ 15 മീറ്ററോളം നീളത്തില്‍ കൈയേറ്റമുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ കണ്ടെത്തിയിരുന്നു. പുഴയുടെ അതിര്‍ത്തി കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ലെങ്കില്‍ ഇത് പുറമ്പോക്കാണെന്നതില്‍ സംശയമില്ലെന്നും സാക്ഷ്യപ്പെടുത്തുന്നു.

എന്നാല്‍ പിന്നീട് ശ്രീനിജന്‍ ചാലക്കുടി പുഴ കൈയ്യേറിയ കേസ് കോടതി തള്ളി.വിധി പറയല്‍ 5 തവണ മാറ്റിയ ശേഷമാണ് മജിസ്‌ട്രേറ്റ് കെ.ജി ഉണ്ണികൃഷ്ണന്‍ കേസ് തള്ളിയത്. തഹസില്‍ദാര്‍ അടക്കമുള്ളവരെ ഈ കേസില്‍ കോടതി വിസ്തരിച്ചിരുന്നു.

ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനും മരുമകന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കുമെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ഒരു അഭിഭാഷകനും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

ഈ സാഹചര്യത്തില്‍ ശ്രീനിജന്‍ 2011 ജൂണ്‍ 25 ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധക്കപ്പെട്ടു. ശ്രീനിജനെതിരെ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നിരുന്നു. കൂടാതെ ശ്രീനിജനെ പുറത്താക്കാനുള്ള നീക്കവും ഉണ്ടായിരുന്നു. ഇതും മുന്നില്‍ കണ്ടായിരുന്നു രാജി.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷിജി ശിവജിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ശ്രീനിജന്‍ ഷിജി ശിവജിക്കൊപ്പം ഗൃഹസന്ദര്‍ശനങ്ങളിലും കുടുംബയോഗങ്ങളിലും നിലവില്‍ സജീവമാണ്.

2011ല്‍ തനിക്കെതിരെ വ്യാജ അനധികൃത സ്വത്ത് സമ്പാദനക്കേസ് ഉയര്‍ത്തിയതിന് നിലവിലെ എംഎല്‍എ വി പി സജീന്ദ്രന്റെ സീറ്റ് മോഹമായിരുന്നുവെന്നാണ് ശ്രീനിജന്റെ പ്രധാന ആരോപണം.

Top