Leander Paes to Partner Rohan Bopanna at 2016 Rio Olympics: AITA

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സ്-രോഹന്‍ ബൊപ്പണ്ണ സഖ്യം കളിക്കും. പെയ്‌സിനൊപ്പം കളിക്കാനാകില്ലെന്ന ബൊപ്പണ്ണയുടെ എതിര്‍പ്പ് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍(എഐടിഎ) തള്ളി. പെയ്‌സുമായുള്ള തര്‍ക്കം സംസാരിച്ച് പരിഹരിക്കണമെന്നും അസോസിയേഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം കളിക്കും.

ലിയാന്‍ഡര്‍ പെയ്‌സ് വേണ്ടെന്നും ബ്രസീലിലെ റിയോ ഒളിംപിക്‌സില്‍ സാകേത് മൈനേനിയെ ഡബിള്‍സ് പങ്കാളിയാക്കാനാണ് താല്‍പര്യമെന്നും രോഹന്‍ ബൊപ്പണ്ണ ടെന്നിസ് അസോസിയേഷനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡബിള്‍സ് ടീമിന്റെ കാര്യത്തിലുണ്ടായ അനിശ്ചിതത്വത്തിനാണ് പരിഹാരമുണ്ടായിരിക്കുന്നത്.

പതിനെട്ട് ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള പെയ്‌സിന്റെ ഏഴാമത് ഒളിംപിക്‌സാണിത്. ഇപ്പോഴത്തെ ലോക ഡബിള്‍സ് റാങ്കിങ്ങില്‍ 46-ാമതാണ് പെയ്‌സ്. ഇന്ത്യയിലെ റാങ്കിങ്ങില്‍ രോഹനു തൊട്ടു താഴെയും. സാകേതാകട്ടെ ലോക റാങ്കിങ്ങില്‍ 125-ാം സ്ഥാനത്തും ഇന്ത്യയില്‍ അഞ്ചാം സീഡുമാണ്.

ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിലും ഇക്കുറി കിരീടം നേടി ഫോമില്‍ നില്‍ക്കുന്ന പെയ്‌സ്, ബൊപ്പണ്ണയുടെ ജോഡിയായാല്‍ ഇന്ത്യയ്ക്ക് മെഡല്‍ സാധ്യതയുണ്ട്.

Top